ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ചെറുതല്ലാത്തൊരു അട്ടിമറി. ആതിഥേയരായ ബംഗ്ലാദേശിനെ നവഗതസംഘമായ അഫ്ഗാനിസ്ഥാന് 32 റണ്‍സിന് ഞെട്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 6ന് 254 എന്ന മാന്യമായ സ്കോര്‍ കുറിച്ചു. ബംഗ്ലാ കടുവകളുടെ മറുപടി 47.5 ഓവറില്‍ 222 ഒതുങ്ങി.
തുടക്കത്തിലെ പതര്‍ച്ചയ്ക്കുശേഷം അഫ്ഗാന് ബാറ്റ്സ്മാന്മാര് തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. 90 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവര്‍ ഒരുവേളയില്‍ പതറി. മുഹമ്മദ് ഷഹ്സാദ് (2), കരീം സാദിഖ് (12), നജ്ബുള്ള സര്‍ദാന്‍ (21), നവറോസ് മംഗല്‍ (24), നായകന് മുഹമ്മദ് നബി (7) എന്നിവരൊന്നും ക്രീസില്‍ അധികസമയം ചെലവിട്ടില്ല. എന്നാല്‍ പുറത്താകാതെ 90 റണ്‍സെടുത്ത അസ്കര്‍ സ്റ്റാനിക്സായിയും 69 പന്തില്‍ 87 റണ്‍സ് വാരിയ സമിയുള്ള ഷെന്‍വാരിയും ബംഗ്ലാ ബൗളിങ്ങിനെ അടിച്ചുതുരത്തി. സ്റ്റാനിക്സായി ആറു ബൗണ്ടറികളും മൂന്നു സിക്സും കുറിച്ചു. പത്തു ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഷെന്‍വാരിയുടെ ഇന്നിങ്സ്. ബംഗ്ലാദേശിനുവേണ്ടി അരാഫത്ത് സണ്ണി രണ്ടിരകളെ കണ്ടെത്തി.
മറുപടിക്കിറങ്ങിയ ബംഗ്ലാ ലൈനപ്പില്‍ മൊനിമുള്‍ ഹക്ക് (50) ഹാഫ് സെഞ്ച്വറി നേടി. നസീര്‍ ഹൂസൈന് 41 ഉം നസീം ഇസ്ലാം 35ഉം വീതം റണ്‍സുകളുമായി പൊരുതി നോക്കി. അവസാന ഘട്ടത്തില്‍ സയുര്‍ റഹ്മാന് (22 പന്തില്‍ 41, നാല് ഫോര്‍, മൂന്ന് സിക്സ്) മിന്നലടികള്‍ പുറത്തെടുത്തെങ്കിലും ടീമിനെ രക്ഷിക്കാന്‍ അതുപോരായിരുന്നു. മുഹമ്മദ് നബി മൂന്നു വിക്കറ്റ് കൊയ്തു. ഷപുര്‍ റഹ്മാനും ഹമീദ് ഹസനും രണ്ടുപേരെ വീതം മടക്കി.
















