ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും യുണൈറ്റഡിനും വിജയം. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഗണ്ണേഴ്സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സണ്ടര്‍ലാന്റിനെയും മാഞ്ചസ്റ്റ് സിറ്റി സ്വന്തം മൈതാനത്ത് 1-0ന് സ്റ്റോക്ക് സിറ്റിയെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെയുമാണ് കീഴടക്കിയത്.
പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ മടങ്ങിയെത്തിയ ഒളിവര്‍ ജിറോഡിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ആഴ്സണല്‍ സണ്ടര്‍ലാന്റിനെതിരെ ഗംഭീര വിജയം കരസ്ഥമാക്കിയത്. 5, 31 മിനിറ്റുകളിലാണ് ജിറോഡ് വല കുലുക്കിയത്. പിന്നീട് 42-ാം മിനിറ്റില്‍ തോമസ് റോസിക്കിയും 57-ാം മിനിറ്റില്‍ ലോറന്റ് കോസില്നിയും ഗണ്ണേഴ്സിനായി ഗോളുകള്‍ നേടി. സണ്ടര്‍ലാന്റിന്റെ ആശ്വാസഗോള്‍ നേടിയത് 81-ാം മിനിറ്റില്‍ ജിയാച്ചെറിനിയാണ്. കഴിഞ്ഞ ദിവസം ചാമ്പ്യസ് ലീഗ് ഫുട്ബോളിന്റെ ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിച്ചിനോട് 2-0ന് ഏറ്റ തോല്‍വിയില്‍ നിന്നുള്ള ഉയിര്ത്തെഴുന്നേല്പ്പുകൂടിയായിയായി ആഴ്സണലിന് ഈ വിജയം.
എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്റ്റോക്ക് സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 70-ാം മിനിറ്റില്‍ യായാ ടൂറേ നേടിയ ഗോളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്.
പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കുശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെയാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 62-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റോബിന് വാന്‍ പെഴ്സിയും 68-ാം മിനിറ്റില്‍ വെയ്ന്‍ റൂണിയുമാണ് യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ ഹള്‍ സിറ്റി ലീഗിലെ 19-ാം സ്ഥാനക്കാരായ കാര്‍ഡിഫിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ഹള്‍ സിറ്റിക്ക് വേണ്ടി അവരുടെ ക്രൊയേഷ്യന്‍ താരം നികിക ജെലാവിക്ക് രണ്ട് ഗോളുകള്‍ നേടി. മറ്റ് മത്സരങ്ങളില്‍ വെസ്താം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സതാമ്പ്ടണെ കീഴടക്കിയപ്പോള്‍ വെസ്റ്റ് ബ്രോംവിച്ച്-ഫുള്‍ഹാം മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു. 27 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ചെല്‍സിയാണ് 60 പോയിന്റുമായി ലീഗില്‍ തലപ്പത്ത്. 59 പോയിന്റുമായി ആഴ്സണല്‍ രണ്ടാമതും 26 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റുമായി മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതുമാണ്. 27 മത്സരങ്ങളില്‍നിന്ന് 45 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ മാന്‍.യുണൈറ്റഡ് ആറാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: