ദുബായ്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിലെ നിലവിലെ ജേതാക്കളായ ഇന്ത്യയുടെ പ്രയാണത്തിന് അന്ത്യം. ക്വാര്‍ട്ടറില്‍ ഇന്ത്യയെ മൂന്നു വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് സെമിയിലേക്ക് കുതിച്ചു. ആവേശകരമായ മത്സരത്തില്‍ അഞ്ച് പന്തുകള്‍ അവശേഷിക്കെയായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 221 റണ്‍സ് സ്കോര്‍ ചെയ്തു. ഇംഗ്ലീഷ് യുവസംഘം 49.1 ഓവറില്‍ 222 റണ്‍സെടുത്തു ലക്ഷ്യത്തിലെത്തി.
ഗ്രൂപ്പ് മത്സരങ്ങളില്‍ കാട്ടിയ ആധികാരികത ഇന്ത്യയ്ക്ക് ഇത്തവണ നിലനിര്‍ത്താനായില്ല. തുടക്കത്തിലെ മഞ്ഞുമൂടിയ അന്തരീക്ഷം ഇംഗ്ലീഷ് പേസര്‍മാര്‍ ശരിക്കു മുതലെടത്തപ്പോള് ഇന്ത്യ വലഞ്ഞു. ജാക് വിന്സ്ലൈഡിന്റെ വേഗതയും മാത്യു ഫിഷറിന്റെ ഫുള്ലെങ്ങ്ത് പരീക്ഷണങ്ങളും ഇന്ത്യന്‍ ബാറ്റ്സ്മാര്‍ക്ക് താങ്ങാവുന്നതിലേറെയായിരുന്നു. ഓപ്പണര്‍മാരായ അങ്കുഷ് ബെയ്ന്‍സ് (3), അഖില്‍ ഹെര്‍വാദ് കര് (2) എന്നിവര്‍ നിലയുറപ്പിക്കുന്നതിനു മുന്‍പേ മടങ്ങി. സ്റ്റാര്‍ ബാറ്റ്സ്മാന് സഞ്ജു വി. സാംസണ് പൂജ്യത്തിനും വീണു. ക്യാപ്റ്റന്‍ വിജയ് സോളും (48) ദീപക് ഹൂഡയും (68) സര്‍ഫറാസ് ഖാന് (52 നോട്ടൗട്ട്) നടത്തിയ പോരാട്ടമാണ് ഇന്ത്യന്‍ സ്കോറിന് മാന്യത നല്‍കിയത്. ഇഗ്ലണ്ടിന് വേണ്ടി ഫിഷര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
ബാറ്റിങ് പാളിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ചാമ മിലിന്ദ്, മോനു കുമാര്‍, ഹൂഡ, അമീര്‍ ഗാനി എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവും (3 വിക്കറ്റ്) ചേര്‍ന്നു ഇംഗ്ലണ്ടിന് വരിഞ്ഞു മുറുക്കി. എങ്കിലും ബെന്‍ ഡക്കറ്റ് (61), ജോ ക്ലാര്‍ക്ക് (42) തുടങ്ങയിവരുടെ ബാറ്റിങ് ഇംഗ്ലീഷ് ടാങ്കിനെ മുന്നോട്ടു നയിച്ചു. ഒടുവില്‍ റോബ് ജോണ്‍സ് (28), റോബ് സായര്‍ (10 നോട്ടൗട്ട്) എന്നിവരുടെ സമചിത്തതയും ചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് വിജയതീരമണഞ്ഞു. മറ്റൊരു ക്വാര്‍ട്ടറില്‍ ശ്രീലങ്കയെ 121 റണ്‍സിന് തകര്‍ത്ത് പാക്കിസ്ഥാന് സെമി ഉറപ്പിച്ചു. പാക് ടീം മുന്നില്‍വച്ച 280 റണ്‍സിന്റെ വിജയലക്ഷ്യം തേടിയ ലങ്ക 42.3 ഓവറില്‍ 158ന് ഓള് ഔട്ടയി.
















