തിരുവനന്തപുരം: യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങുകളോടെ കോളേജ് ഗെയിംസ് തുടങ്ങി. സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും എത്തിയ മത്സരാര്‍ത്ഥികള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ വനം, കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സല്യൂട്ട് സ്വീകരിച്ചു. ഗെയിംസ് പതാക മന്ത്രിയും, സ്പോര്‍ട്സ് കൗണ്‍സില്‍ പതാക പ്രസിഡന്റ് പത്മിനി തോമസും ഉയര്‍ത്തി.
തുടര്‍ന്ന് നടന്ന ദീപശിഖാ റാലിയില്‍ കെ.എം. ബീനമോളുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളും മികച്ച കായികതാരങ്ങളായ രേഖ, അഖില്‍മാത്യു, സണ്ണി അജിത് ഇട്ടി വര്‍ഗ്ഗീസ്, രഞ്ജിനി, അനു, അനില്‍ തോമസ് തുടങ്ങിവരും പങ്കെടുത്തു. കെ. മുരളീധരന് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഗെയിംസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കായിക രംഗത്തെ നഴ്സറിയാക്കി കോളേജ് ഗെയിംസിനെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ദേശീയ ഗെയിംസ് കഴിയുന്നതോടെ സംസ്ഥാനത്തെ കായികരംഗത്ത് വന്‍ മുന്നേറ്റമുണ്ടാവും. കായിക താരങ്ങള്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും സഹായങ്ങളും നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. കോളേജ് ഗയിംസ് പുനരാരംഭിച്ചതില്‍ മന്ത്രിയെ അഭിനന്ദിക്കുന്നതായി കെ. മുരളീധരന് എംഎല്‍എ പറഞ്ഞു. കോളേജ് തലത്തില്‍ പ്രോത്സാഹനം നല്കിയാല് കായികരംഗത്ത് മുന്നേറ്റം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ കെ.ചന്ദ്രിക, പാലോട് രവി എംഎല്‍എ, കേരള സര്‍വ്വകലാശാല പ്രോവൈസ് ചാന്‍സലര്‍ ഡോ.എന്‍.വീരമണികണ്ഠന്, റയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍ വാജ്പേയി, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് സുനില്‍ സി. വെള്ളൂര്‍, സ്പോര്‍ട്സ് ഡയറക്ടര്‍ പുകഴേന്തി, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി.എസ്. അബ്ബ്ദുള്‍ റസാക്ക് തുടങ്ങിവര്‍ പ്രസംഗിച്ചു. ആറ് മത്സരവേദികളിലായി വിവിധ കായിക ഇനങ്ങള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിക്കും.
സംസ്ഥാന കോളേജ് ഗെയിംസില്‍ ആദ്യ ദിവസം ആറ് ഫൈനലുകളാണ് നടന്നത്. വനിതകളുടെ 5000 മീറ്റര്‍ നടത്തത്തില്‍ ഇരിങ്ങാലക്കുട സെന്റ്ജോസഫസ് കോളേജിലെ ജിജിമോള്‍. ആര്. സ്വര്‍ണ്ണവും പാലക്കാട് മേഴ്സി കോളേജിലെ മീഷ്മ. കെ.എം. വെള്ളിയും നേടി. പുരുഷന്മാരുടെ 20 കി.മീ. നടത്തത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ റിബാസ് മൊസാഹിയും പുരുഷന്മാരുടെ1500 മീറ്ററില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആല്ബിന് സണ്ണിയും വനിതകളുടെ 1500 മീറ്ററില്‍ ഇതേ കോളേജിലെ സഫീദ. എം.പിയും സ്വര്‍ണ്ണം നേടി. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വി.പി. ആല്‍ഫിനും വനിതകളുടെ ലോംഗ്ജമ്പില്‍ ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജിലെ റിന്റു മാത്യുവും ഒന്നാമതെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: