തിരുവനനന്തപുരം: മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന കോളേജ് ഗെയിംസിന് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും. പത്തുവര്‍ഷത്തെ ഇടവേളക്കുശേഷം പുനഃരാരംഭിക്കുന്ന ഗെയിംസ് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഉച്ചക്ക് 2.30ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ നിന്നായി 1,400 ലധികം വിദ്യാര്‍ഥികള്‍ ഗെയിംസില്‍ പങ്കെടുക്കും. അത്ലറ്റിക് മത്സരങ്ങള്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും ഫുട്ബോള്‍ മത്സരങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലും സ്വിമ്മിംഗ്, വാട്ടര്‍പോളോ മത്സരങ്ങള്‍ പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിലും ബാസ്കറ്റ് ബോള്‍, ഫുട്ബോള്‍ മത്സരങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലും വോളിബോള്‍ പാളയം പോലീസ് ഗ്രൗണ്ടിലും പട്ടം കെഎസ്ഇബി മിനി ഗ്രൗണ്ടിലും ഹാന്‍ഡ്ബോള്‍ യൂണിവേഴ്സിറ്റി കാമ്പസിലുമാണ് നടക്കുന്നത്.
ചാമ്പ്യന്‍ഷിപ്പ് നേടുന്ന കോളജിന് രാജീവ് ഗാന്ധി എവര്‍ റോളിംഗ് ട്രോഫിയും ഒരുലക്ഷം രൂപയും ലഭിക്കും. വിവിധ കാറ്റഗറികളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന കോളജുകള്‍ക്ക് 10000, 7500, 5000 എന്നീ ക്രമത്തില്‍ സമ്മാനങ്ങള്‍ നല്‍കും. വ്യക്തിഗത മത്സര വിജയികള്‍ക്ക് 1500, 1000, 750 എന്നീ ക്രമത്തിലും സമ്മാനങ്ങള്‍ നല്‍കും. ഉദ്ഘാടന ചടങ്ങില്‍ കെ മുരളീധരന് എംഎല്‍എ അധ്യക്ഷത വഹിക്കും. മേയര്‍ അഡ്വ. കെ ചന്ദ്രിക, പാലോട് രവി എംഎല്‍എ, മുന്‍ മന്ത്രി എം. വിജയകുമാര്‍, കേരള യൂണിവേഴ്സിറ്റി പ്രോ-വൈസ്ചാന്സിലര് ഡോ. എന്‍. വീരമണികണ്ഠന്, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പങ്കെടുക്കും. 22ന് വൈകുന്നേരം 4.30ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: