കൊച്ചി: ഫെഡറേഷന് കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് 26ന് എറണാകുളം കിഴക്കമ്പലത്ത് തുടക്കമാകും. ആതിഥേയരായ കേരളമുള്‍പ്പെടെ എട്ടു പുരുഷ ടീമുകളും നാലു വനിതാ ടീമുകളും ടൂര്‍ണമെന്റില്‍ മത്സരിക്കും. കിഴക്കമ്പലം ജിമ്മി ജോര്‍ജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. മൂന്നാം തവണയാണ് കേരളം ഫെഡറേഷന് കപ്പിന് ആതിഥ്യം വഹിക്കുന്നത്. ടൂര്‍ണമെന്റ് മാര്‍ച്ച് 5ന് സമാപിക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബെന്നി ബെഹന്നാന് എംഎല്‍എ പ്രകാശനം ചെയ്തു.
26ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരളവും പഞ്ചാബും ഏറ്റുമുട്ടും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ആദ്യദിനം രണ്ടു മത്സരമാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൂന്നു മത്സരങ്ങളുണ്ടാകും. പുരുഷവിഭാഗത്തില്‍ രണ്ടും വനിതകളില്‍ ഒരു മത്സരവുമാകും ഓരോ ദിവസവും നടക്കുക. വൈകിട്ട് 6.30ന് മത്സരം തുടങ്ങും. പുരുഷവിഭാഗം മത്സരങ്ങള്‍ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ്. വനിതകളുടേത് റൗണ്ട് റോബിന് അടിസ്ഥാനത്തിലും.
ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച 8 പുരുഷ ടീമുകളും, സെമിഫൈനല്‍ കളിച്ച 4 വനിതാ ടീമുകളുമാണ് ഫെഡറേഷന് കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. പുരുഷവിഭാഗത്തില്‍ രണ്ടു ഗ്രൂപ്പുകള്‍ തിരിച്ചാണ് മത്സരം. എ ഗ്രൂപ്പില്‍ തമിഴ്നാട്, സര്‍വീസസ്, ഹരിയാന, ഉത്തര്‍പ്രദേശ് ടീമുകളും ബി ഗ്രൂപ്പില്‍ കേരളം, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന് ടീമുകളുമാണ് അണിനിരക്കുന്നത്. വനിതകളില്‍ കേരളം, റെയില്‍വേ, തമിഴ്നാട്, ഹരിയാന ടീമുകള്‍ മാറ്റുരയ്ക്കും. ടൂര്‍ണമെന്റിലെ പ്രകടനം വിലയിരുത്തിയാണ് ഇന്ത്യന്‍ ദേശീയ ടീമിന്റെ തെരഞ്ഞെടുപ്പ് നടക്കുക. ഇരുവിഭാഗങ്ങളിലും കേരളമാണ് നിലവിലെ ചാമ്പ്യന്മാര്. പുരുഷവിഭാഗത്തില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും കുടൂതല്‍ പോയിന്റ് നേടുന്ന രണ്ടു ടീമുകള്‍ സെമിയിലേക്ക് പ്രവേശിക്കും. വനിതകള്‍ക്ക് സെമി-ഫൈനല്‍ മത്സരങ്ങള്‍ ഉണ്ടാകില്ല. ലീഗ് മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്നവരാകും ചാമ്പ്യന്മാര്.
8000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് കിഴക്കമ്പലത്ത് തയ്യാറാക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗ്യാലറിക്ക് 100 രൂപയും കസേരക്ക് 300 രൂപയുമാണ് നിരക്ക്. ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: