വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ പേസര്‍മാരായ ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷാമിയും രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിവസം വെള്ളിടി തീര്ത്തപ്പോള്ന്യൂസിലാന്റ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. 51 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയുടെയും 70 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയുടെയും തകര്‍പ്പന്‍ ബൗളിംഗിന്റെ കരുത്തില്‍ 192 റണ്‍സിന് ന്യൂസിലാന്റിന്റെ ഒന്നാം ഇന്നിംഗ്സ് ഇന്ത്യ അവസാനിപ്പിച്ചു. 47 റണ്‍സെടുത്ത കീന്‍ വില്ല്യംസണാണ് ന്യൂസിലാന്റിന്റെ ടോപ് സ്കോറര്‍. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ രണ്ടിന് 100 എന്ന നിലയിലാണ്. ശിഖാര്‍ ധവാന്റെ (പുറത്താകാതെ 71) തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചത്. മൂന്നു റണ്‍സോടെ നൈറ്റ് വാച്ച്മാന് ഇഷാന്ത് ശര്‍മ്മയാണ് ധവാനൊപ്പം ക്രീസില്‍. എട്ട് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ 92 റണ്‍സ് മാത്രം പിന്നിലാണ്. രണ്ട് റണ്‍സെടുത്ത മുരളി വിജയിയും 19 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുമാണ് പുറത്തായത്. സ്കോര്‍ ന്യൂസിലാന്റ് 192ന് പുറത്ത്, ഇന്ത്യ രണ്ടിന് 100. ന്യൂസിലാന്റിന് വേണ്ടി ടോം ലാഥമും ജിമ്മി നീഷാമും അരങ്ങേറ്റം കുറിച്ചു.
നേരത്തെ ടോസ് ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ന്യൂസിലാന്റിനെ ബാറ്റിംഗിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന പ്രകടനം നടത്തിയ ഇഷാന്ത് ശര്‍മ്മയും ഷാമിയും ചേര്‍ന്ന് ന്യൂസിലാന്റിനെ വരിഞ്ഞുമുറുക്കുകയായിരുന്നു. മുന്‍നിരയില്‍ കീന്‍ വില്യംസണ് ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഒരവസരത്തില്‍ ഒന്നിന് 23 എന്ന നിലയില്‍ നിന്നാണ് ആറിന് 86 എന്ന നിലയിലേക്ക് ന്യൂസിലാന്റ് തകര്‍ന്നടിഞ്ഞത്. ആദ്യം വീണ ആറ് വിക്കറ്റുകളില്‍ അഞ്ചും ഇഷാന്ത് സ്വന്തമാക്കി. ഫുള്‍ട്ടണ്‍ (13), റുഥര്‍ഫോര്‍ഡ് (12), ടോം ലാഥം (പൂജ്യം), കോറി ആന്ഡേഴ്സണ് (24), വാറ്റ്ലിംഗ് (പൂജ്യം) എന്നിവരെയാണ് ഇഷാന്ത് പുറത്താക്കിയത്. വില്ല്യംസണ് ഒരുവശത്ത് ഉറച്ചുനിന്നെങ്കിലും മികച്ച പിന്തുണ നല്കാന് ആരുമുണ്ടായില്ല. എന്നാല്‍ സ്കോര്‍ 133-ല്‍ നില്‍ക്കെ 47 റണ്‍സെടുത്ത വില്ല്യംസണെ മുഹമ്മദ് ഷാമി മടക്കി. വാലറ്റത്ത് 33 റണ്‍സെടുത്ത നീഷാമും 32 റണ്‍സെടുത്ത ടിം സൗത്തിയും ചേര്‍ന്നാണ് ന്യൂസിലാന്റ് സ്കോര്‍ 192-ല്‍ എത്തിച്ചത്. സൗത്തിയെ ഇഷാന്തും നീഷാമിനെ മുഹമ്മദ് ഷാമിയും പുറത്താക്കിയതോടെയാണ് ന്യൂസിലാന്റ് പ്രതിരോധം പൂര്‍ണമായും അവസാനിച്ചത്. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിലും ഇഷാന്ത് ശര്‍മ്മ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. കരിയറിലെഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഇഷാന്തിന്റേത്.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമുള്ള ഓപ്പണര്‍ മുരളി വിജയിനെ നഷ്ടമായി. രണ്ട് റണ്‍സെടുത്ത വിജയിനെ സൗത്തി വാറ്റ്ലിംഗിന്റെ കൈകളിലെത്തിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പൂജാരയെ കൂട്ടുപിടിച്ച് ധവാന് ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സ്കോര്‍ 89-ല്‍ നില്‍ക്കെ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 19 റണ്‍സെടുത്ത പൂജാരയെ ബൗള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. ഇതിനിടെ ശിഖര്‍ ധവാന് അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി.
ന്യൂസിലാന്റ് ബൗളര്‍മാരെ അനായാസം നേരിട്ട ധവാന് 71 പന്തിലാണ് അര്‍ദ്ധസെഞ്ച്വറി തികച്ചത്. ധവാന്റെ കരിയറിലെ ആദ്യ അര്‍ദ്ധസെഞ്ച്വറിയാണിത്. ആറ് ടെസ്റ്റ് കളിച്ചിട്ടുള്ള ധവാന്റെ പേരില്‍ രണ്ടു സെഞ്ച്വറിയുമുണ്ട്. ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ധവാന് സെഞ്ച്വറി നേടിയിരുന്നു. ന്യൂസിലാന്റിന് വേണ്ടി ബൗള്‍ട്ടും സൗത്തിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: