ദുബായ്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കും ശ്രീലങ്കക്കും ഇംഗ്ലണ്ടിനും സിംബാബ്വെക്കും വിജയത്തുടക്കം. ശ്രീലങ്ക 49 റണ്‍സിന് ന്യൂസിലാന്റിനെയും ദക്ഷിണാഫ്രിക്ക 94 റണ്‍സിന് വെസ്റ്റിന്‍ഡീസിനെയും ഇംഗ്ലണ്ട് 213 റണ്‍സിന് യുഎഇയെയും സിംബാബ്വെ 6 വിക്കറ്റിന് കാനഡയെയുമാണ് ആദ്യമത്സരത്തില്‍ കീഴടക്കിയത്.
അബുദാബിയില്‍ നടന്ന മത്സരത്തില്‍ യുഎഇക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അണ്ടര്‍ 19 ടീം 50 ഓവറില്‍ എട്ട് വിക്കറ്റിന് 315 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇ 33 ഓവറില്‍ 102 റണ്‍സിന് ഓള്‍ഔട്ടായി. 93 റണ്‍സ് നേടിയ ബര്‍ണാഡിന്റെയും 83 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിന്റെയും 49 റണ്‍സ് നേടിയ ഹാരി ഫിഞ്ചിന്റെയും കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇ നിരയില്‍ രണ്ട് പേര് മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യന്‍ വംശജനും ക്യാപ്റ്റനുമായ രോഹിത് സിംഗ് 38 റണ്‍സെടുത്ത് ടോപ്സ്കോററായി. 26 റണ്‍സെടുത്ത ശിവാങ്ക് വിജയകുമാറാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനെ 35.2 ഓവറില്‍ 104 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള് ഔട്ടാക്കി.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍നടന്ന മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 91 റണ്‍സെടുത്ത ക്യാപ്റ്റന്‍ കുശല്‍ മെന്‍ഡിസിന്റെയും 67 റണ്‍സെടുത്ത ഓപ്പണര്‍ സദീര സമരവിക്രമയുടെയും മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് യുവനിരക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
അബുദാബിയില്‍ സിംബാബ്വെക്കെതിരെ നടന്ന മത്സരത്തില്‍ കാനഡ 9 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ 43.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 195 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.
ഗ്രൂപ്പ് എയില്‍ ഇന്ന് നടക്കുന്ന ആവേശകരമായ പോരാട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കൊമ്പുകോര്‍ക്കും. രണ്ട് സന്നാഹ മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കാനായാണ് ഇറങ്ങുക. ക്യാപ്റ്റന്‍ വിജയ് സോളിലും മലയാളിയും വൈസ് ക്യാപ്റ്റനുമായ സഞ്ജു വി. സാംസണിലുമാണ് ഇന്ത്യന്‍ യുവനിരയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: