വെല്ലിംഗ്ടണ്‍: അച്ചടക്ക നടപടിക്ക് പിന്നാലെ ഓപ്പണര്‍ ജെസി റൈഡറെയും ഫാസ്റ്റ് ബൗളര്‍ ബ്രെയ്സ്വെല്ലിനെയും ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും ന്യൂസിലന്റ് ഒഴിവാക്കി. ഓക്ലന്‍ഡ് ടെസ്റ്റ് ആരംഭിക്കുന്നതിനെ തലേദിവസം രാത്രി ബാറില്‍ പോയി മദ്യപിച്ചതിനെ തുടര്‍ന്ന് റൈഡര്ക്കെതിരെയും പേസ് ബൗളര്‍ ഡഗ് ബ്രെയ്സ്വെല്ലിനെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
പുലര്‍ച്ചെ ബാറില്‍ പോയ ഇരുവരും മടങ്ങിവന്നപ്പോള്‍ ബ്രെയ്സ്വെല്ലിന്റെ കാല്പാദത്തില് പരിക്കുണ്ടായിരുന്നു. പരിക്കിന്റെ കാരണം ബ്രെയ്സ്വെല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തുടര്‍ന്നാണ് ഇരുവരെയും ആദ്യ ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയതും അന്വേഷണം പ്രഖ്യാപിച്ചതും. അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഇരുവരെയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയത്.
റൈഡര്‍ ഇതിന് മുന്‍പും നിരവധി തവണ അച്ചടക്ക നടപടിക്ക് വിധേയനായ താരമാണ്. മുന്‍പ് ബാറില്‍ മദ്യപിച്ച് തല്ലുണ്ടാക്കിയ റൈഡര്‍ തലയോട്ടി പൊട്ടി ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. ഇതിന് ശേഷം കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പര്യടനത്തിലാണ് ടീമില്‍ തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.
















