ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ കിരീട ജേതാക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം വിട്ടൊഴിയുന്നില്ല. കഴിഞ്ഞയാഴ്ച സ്റ്റോക്ക് സിറ്റിയോട് പരാജയപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ലീഗിലെ ഏറ്റവു അവസാന സ്ഥാനക്കാരായ ഫുള്‍ഹാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ പിടിച്ചുകെട്ടി. ഇരുടീമുകളും രണ്ട് ഗോളുകള്‍ നേടി. ഇഞ്ച്വറി സമയത്ത് ഡാരന്‍ ബെന്റ് നേടിയ ഗോളാണ് ഫുള്‍ഹാമിന് സമനില നേടിക്കൊടുത്തത്. മത്സരത്തില്‍ ആദ്യം ലീഡ് നേടിയതും ഫുള്‍ഹാമായിരുന്നു. 19-ാം മിനിറ്റില്‍ സിഡ്‌വെല്ലിലൂടെ. പിന്നീട് 77-ാം മിനിറ്റ് വരെ ഫുള്‍ഹാം ലീഡ് നിലനിര്‍ത്തി. എന്നാല്‍ രണ്ട് മിനിറ്റിനിടെ വാന്‍പെഴ്സിയും കാരിക്കും നേടിയ ഗോളുകളിലൂടെ മാഞ്ചസ്റ്റര്‍ മുന്നിലെത്തി.
ജുവാന്‍ മാട്ട, വെയ്ന്‍ റൂണി, റോബിന്‍ വാന്‍ പെഴ്സി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ അണിനിരന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു മത്സരത്തില്‍ പന്തിന്മേല്‍ ആധിപത്യം പുലര്‍ത്തിയത്. മത്സരത്തില്‍ ആദ്യ അവസരം ലഭിച്ചതും യുണൈറ്റഡിനാണ്. 12-ാം മിനിറ്റില്‍ ഡാരന്‍ ഫ്ലച്ചറുടെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് പാട്രിക് എവ്‌റ ഉതിര്‍ത്ത ലോംഗ്ഷോട്ട് ക്രോസ് ബാറിന് തൊട്ടുമുകളിലൂടെ പുറത്തേക്ക് പറന്നു. എന്നാല്‍ മത്സരത്തിന്റെ ഗതിക്ക് എതിരായി 19-ാം മിനിറ്റില്‍ ആദ്യഗോള്‍ പിറന്നു. ലൂയിസ് ഹോള്‍ട്ട്ബിയുടെ പാസില്‍ നിന്ന് സ്റ്റീവ് സിഡ്‌വെല്‍ ബോക്സിന് മധ്യത്തുനിന്ന് ഉതിര്‍ത്ത വലംകാലന്‍ ഷോട്ട് യുണൈറ്റഡ് ഗോളിയെ മറികടന്ന് വലയില്‍ കയറി. രണ്ട് മിനിറ്റിനുശേഷം സമനില ഗോള്‍ നേടാനുള്ള വാന്‍പെഴ്സിയുടെ ശ്രമം പാഴായി. 27-ാം മിനിറ്റില്‍ ജുവാന്‍ മാട്ടയുടെക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ആഷ്ലി യംഗ് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഫുള്‍ഹാം ഗോളിയെ കീഴ്പ്പെടുത്താനായില്ല. തുടര്‍ന്നു ആദ്യപകുതിയില്‍ നാലോളം അവസരങ്ങള്‍ യുണൈറ്റഡിന് ലഭിച്ചെങ്കിലും സമനില നേടാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയിലും യുണൈറ്റഡിന് തന്നെയായിരുന്നു പന്തിന്മേല്‍ ആധിപത്യം. മൂന്നുമിനിറ്റിനുള്ളില്‍ മൂന്ന് അവസരങ്ങളാണ് മൈക്കല്‍ കാരിക്ക്, വെയ്ന്‍ റൂണി, വാന്‍പെഴ്സി എന്നിവര്‍ നഷ്ടപ്പെടുത്തിയത്. 55-ാം മിനിറ്റില്‍ റൂണിയുടെ മറ്റൊരു ശ്രമവും ഫുള്‍ഹാം ഗോളി വിഫലമാക്കി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 78-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില ഗോള്‍ നേടി. ജാനസാഞ്ജ് നല്‍കിയ പാസില്‍ നിന്ന് മാട്ട ഉതിര്‍ത്ത ഷോട്ട് ഫുള്‍ഹാം താരം ബ്ലോക്ക് ചെയ്തെങ്കിലും പന്ത് കൈക്കലാക്കിയ മാട്ട ആരാലും മാര്‍ക്ക്ചെയ്യപ്പെടാതെ നിന്ന വാന്‍പെഴ്സിക്ക് നല്‍കി. ഇത്തവണ ലക്ഷ്യം പിഴച്ചില്ല. വാന്‍പെഴ്സിയുടെ ഷോട്ട് ഫുള്‍ഹാം വലയില്‍ തറച്ചുകയറി. രണ്ട് മിനിറ്റിനുശേഷം യുണൈറ്റഡ് ലീഡ് നേടി. ബോക്സിന് പുറത്തുനിന്ന് മൈക്കല്‍ കാരിക്ക് ഉതിര്‍ത്ത വലംകാലന്‍ ഷോട്ടാണ് ഫുള്‍ഹാം വലയില്‍ കയറിയത്. ഇതോടെ മാഞ്ചസ്റ്റര്‍ വിജയം ഉറപ്പിച്ചെങ്കിലും അതിശക്തമായി തിരിച്ചടിക്കുന്ന ഫുള്‍ഹാമിനെയാണ് കളത്തില്‍ പിന്നീടുള്ള മിനിറ്റുകളില്‍ കണ്ടത്. ഒടുവില്‍ ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റില്‍ അവര്‍ സമനില ഗോള്‍ കണ്ടെത്തി. തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ഡാരന്‍ ബെന്റാണ് സമനില ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ടോട്ടനം 65-ാം മിനിറ്റില്‍ ഇമ്മാനുവല്‍ അഡബയോര്‍ നേടിയ ഏക ഗോളിന് എവര്‍ട്ടനെ പരാജയപ്പെടുത്തി. 25 മത്സരങ്ങളില്‍ നിന്ന് 47 പോയിന്റുമായി ടോട്ടനം അഞ്ചാം സ്ഥാനത്താണ്. 41 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏഴാം സ്ഥാനത്തുതന്നെ തുടരുകയാണ്.
















