അബുദാബി: അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ യുവനിരക്ക് തോല്‍വി. ശ്രീലങ്കയാണ് ഇന്ത്യന്‍ യുവനിരയെ അഞ്ച് വിക്കറ്റിന് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 45.5 ഓവറില്‍ 209 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കന്‍ യുവനിര 48.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.
ഇന്ത്യന്‍നിരയില്‍ 39 റണ്‍സെടുത്ത ദീപക് ഹൂഡയാണ് ടോപ് സ്കോറര്‍. ശ്രേയസ്സ് അയ്യര്‍ 31ഉം അഖില്‍ ഹെര്‍വാഡ്കര്‍ 29ഉം ക്യാപ്റ്റന്‍ വിജയ് സോള്‍ 25ഉം അങ്കുഷ് ബെയ്ന്‍സ് 24ഉം റണ്‍സ് നേടി. വൈസ് ക്യാപ്റ്റനും മലയാളിതാരവുമായ സഞ്ജു വി. സാംസണ്‍ 10 റണ്‍സെടുത്ത് പുറത്തായി. നാല് വിക്കറ്റ് വീഴ്‌ത്തിയ ബിനുര ഫെര്‍ണാണ്ടോയും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ അനുക് ഫെര്‍ണാണ്ടോയും ലങ്കന്‍ യുവനിരക്ക് വേണ്ടി മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
210 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ശ്രീലങ്ക 82 റണ്‍സെടുത്ത സമീര സമരവിക്രമയുടെയും 50 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പ്രിയമല്‍ പെരേരയുടെയും 48 റണ്‍സെടുത്ത ഹഷന്‍ ഡുമിന്‍ഡുവിന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് ലക്ഷ്യം മറികടന്നത്.
















