കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി അവേശകരമായ അന്ത്യത്തിലേക്കെത്തിയ സിസിഎല്‍ മത്സരത്തില്‍ ചെന്നൈ റൈനോസിനെ തറപറ്റിച്ച് അമ്മ കേരളാ സ്ട്രൈക്കേഴ്സ് സെമിയില്‍.
പന്ത്രണ്ട് റണ്‍സിനാണ് കേരളാ സ്ട്രൈക്കേഴ്സ് ചെന്നൈ റൈനോസിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സ്ട്രൈക്കേഴ്സിന്റെ തുടക്കം മോശമായിരുന്നെങ്കിലും പുതുമുഖ താരം അരുണ്‍ ബെന്നിയുടെ(72) ബാറ്റിംഗ് മികവിലാണ് കേരള ടീം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ട്ത്തില്‍ 150 റണ്‍സടിച്ചു കൂട്ടിയത്.
39 പന്തിലാണ് 72 റണ്‍സ് ബെന്നി സ്വന്തമാക്കിയത്. 32 റണ്‍സ് നേടിയ സന്തോഷ് സീബ്ല ബെന്നിക്ക് മികച്ച പിന്തുണ നല്കി. തുടക്കത്തില്‍ തന്നെ ബിനീഷ് കൊടിയേരി, മണിക്കുട്ടന്, നന്ദകുമാര്‍ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായത് സ്ട്രൈക്കേഴ്സിനെ സമ്മര്‍ദത്തിലാക്കിയിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ റൈനോസ് വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. ഇളയദളപതി വിജയുടെ സഹോദരന് വിക്രാന്ത്(77) ഓപ്പണറായിറങ്ങി തകര്‍ത്താടിയപ്പോള്‍ ഒരു ഘട്ടത്തില്‍ വിജയം അവര്ക്കൊപ്പമാകുമെന്നുവരെ തോന്നിപ്പിച്ചിരുന്നു.
എന്നാല്‍ വിക്രാന്തിന്റെ വിക്കറ്റ് റഹ്മാന് സ്വന്താമാക്കിയതോടെയാണ് കളിയുടെ ഗതി മാറിയത്. തുടര്‍ന്ന് നിര്‍ണായക സമയങ്ങളില്‍ വിക്കറ്റുകള്‍ വീണതോടെ ചെന്നൈയുടെ സ്ക്കോര്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സായി ഒതുങ്ങുകയായിരുന്നു.
കലൂര്‍ സ്റ്റേഡിയത്തില്‍ ആദ്യം നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടക ബുള്ഡോസേഴ്സ് അഞ്ചു വിക്കറ്റിന് വീര്മറാഠയെ പരാജയപ്പെടുത്തിയിരുന്നു.
















