ഓക്ലാന്റ്: ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിന്തുടരലുകളിലൊന്നില് കണ്ണുവച്ച ടീം ഇന്ത്യ പോരാട്ടവീര്യത്തിന്റെ ഉത്തമ ദൃഷ്ടാന്തം തീര്‍ത്തു.
പക്ഷെ, സമ്മര്‍ദ്ദ നിമിഷങ്ങളില്‍ പതറാതെ നിന്ന ന്യൂസിലാന്റ് ബൗളര്‍മാര്‍ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടീമിന് 40 റണ്‍സിന്റെ ജയം ഒരുക്കിക്കൊടുത്തു. 407 റണ്‍സിന്റെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ധോണിപ്പട നാലാം ദിനം 366 റണ്‍സിന് ഇടറിവീഴുകയായിരുന്നു. നാലു വിക്കറ്റുകള്‍ വീഴ്ത്തിയ നെയ്ല്‍ വാഗ്നര്‍ ഇന്ത്യയുടെ ചിറകരിയുന്നതിന് മുന്നല്നിന്നു. ടീം സൗത്തിയും ട്രെന്റ് ബൗള്‍ട്ടും മൂന്നു വിക്കറ്റുകള്‍ വീതം പങ്കിട്ടു. അങ്ങനെ 12 വര്‍ഷത്തിന് ശേഷം പഞ്ചദിന മത്സരത്തില്‍ ഇന്ത്യയെ ന്യൂസിലാന്റ് പരാജയപ്പെടുത്തി. ആദ്യ ഇന്നിങ്ങ്സില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി നേടിയ കിവി നായകന് ബ്രണ്ടന്‍ മക്കല്ലമാണ് കളിയിലെ കേമന്‍. സ്കോര്‍: ന്യൂസിലാന്റ്-503, 106. ഇന്ത്യ-202, 366.
ബാറ്റും ബോളും തമ്മിലെ തീഷ്ണ യുദ്ധമായിരുന്നു ഇന്നലെ ഈഡന് പാര്‍ക്ക് സാക്ഷ്യം വഹിച്ചത്. രണ്ടാം ന്യൂബോളില്‍ ന്യൂസിലാന്റ് പന്തേറുകാര്‍ കാട്ടിയ മൂര്‍ച്ച കളിയുടെ വിധിയെഴുതിയെന്നു വിലയിരുത്താം. ഒരുവിക്കറ്റിന് 87 എന്ന സ്കോറില്‍ കളിയാരംഭിച്ച ഇന്ത്യ വിജയത്തിലേക്കുള്ള യാത്രയിലായിരുന്നു. ചേതേശ്വര്‍ പൂജാരയും (23) രോഹിത് ശര്‍മ്മയും (19) അജിന്‍ക്യ രഹാനെയും (18) നിരാശപ്പെടുത്തിയെങ്കിലും ശിഖര്‍ ധവാനും വിരാട് കോഹ്ലിയും കത്തിക്കയറി. 12 ബൗണ്ടറിയും ഒരു സിക്സറുമടക്കം ധവാന് (115) കിവി മണ്ണിലെ ആദ്യ സെഞ്ച്വറി കുറിച്ചു. ക്ഷമയോടെ പിടിച്ചു നിന്നാണ് ഇടംകൈയന്‍ റണ്ണുകളുടെ വീഥിയില്‍ തിരിച്ചെത്തിയത്. കോഹ്ലിയും നല്ല ഫോമിലായിരുന്നു. 67 റണ്‍സ് ആ ബാറ്റില്‍ നിന്നു ഒഴുകി. അതില്‍ 12 ഫോറുകള്‍ തൊങ്ങലുചാര്‍ത്തി. ഈ സഖ്യം 126 റണ്‍സ് സ്വരുക്കൂട്ടിയപ്പോള്‍ ബ്ലാക് ക്യാപ്സ് വിരണ്ടു. എന്നാല്‍ ഇരുവരെയും വീഴ്ത്തി നെയ്ല്‍ വാഗ്നര്‍ ആതിഥേയരെ കളിയിലേക്ക് തിരിച്ചെത്തിച്ചു. ചായയ്ക്കു പിരിയുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍, 270/5.
പിന്നീട് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും (39) രവീന്ദ്ര ജഡേജയും എതിര്‍പാളയത്തിലേക്ക് ആക്രമണം നയിച്ചു. അഞ്ച് ഓവറില്‍ ഇന്ത്യ 54 റണ്‍സ് വാരി. 21 പന്തില്‍ 26 റണ്‍സെടുത്ത ജഡേജയായിരുന്നു കൂടുതല്‍ അടിച്ചുകളിച്ചത്. ഒടുവില്‍ ജഡേജയെ മടക്കി. ട്രന്റ് ബൗള്‍ട്ട് ഈ ജോടിയെ പിരിച്ചു. ഒരറ്റത്തു നിന്ന ധോണിക്ക് സഹീര്‍ഖാനും (17) തരക്കേടില്ലാത്ത പിന്തുണ നല്കി. സഹീര്‍ മടങ്ങിയതോടെ ധോണിയുടെ നില തെറ്റി. വാഗ് നറുടെ പന്തിനെ സ്റ്റംപിലേക്ക് അടിച്ചിട്ട് ക്യാപ്റ്റന്‍ കൂള്‍ കൂടാരം കയറിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.
















