ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസ്സിക്ക് പോരാട്ടത്തില്‍ ആഴ്സണലിന് വമ്പന്‍ തോല്‍വി. ഇന്നലെ ആന്‍ഫീല്‍ഡില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെ ലിവര്‍പൂളാണ് തകര്‍ത്തുവിട്ടത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. മത്സരം ആരംഭിച്ച് 20 മിനിറ്റ് മാത്രമായപ്പോഴേക്കും ലിവര്‍പൂള്‍ നാല് തവണ പന്ത് ആഴ്സണല്‍ വലയിലെത്തിച്ചു. 1, 10 മിനിറ്റുകളില്‍ മാര്ട്ടിന് സ്കെര്‍ട്ടല്‍, 16, 52 മിനിറ്റുകളില്‍ റഹീം സ്റ്റര്‍ലിംഗ്, 20-ാം മിനിറ്റില്‍ ഡാനിയേല്‍ സ്റ്ററിഡ്ജ് എന്നിവരാണ് ലിവര്‍ പൂളിന്റെഗോളുകള് നേടിയത്. 69-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മൈക്കല്‍ അര്‍ട്ടേറ്റയാണ് ആഴ്സണലിന്റെ ആശ്വാസഗോള്‍ നേടിയത്. കഴിഞ്ഞ ഡിസംബര്‍ 13ന് മാഞ്ചസ്റ്റര്‍ സിറ്റിയോട് 6-3ന്റെ പരാജയം ഏറ്റുവാങ്ങിയശേഷം പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന്റെ ആദ്യ തോല്‍വിയാണിത്. പത്ത് മത്സരങ്ങള്‍ക്കിടെയുള്ള രണ്ടാം തോല്‍വിയുമാണിത്. പ്രീമിയര്‍ ലീഗില്‍ 2011നുശേഷം ആദ്യമായാണ് ലിവര്‍പൂള്‍ ആഴ്സണലിനെ കീഴടക്കുന്നത്.
മത്സരത്തിന്റെ 51-ാം സെക്കന്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. സ്റ്റീവന്‍ ജെറാര്‍ഡിന്റെ അളന്നുമുറിച്ച ക്രോസ് നല്ലൊരു വലംകാലന്‍ ഷോട്ടിലൂടെ സ്കെര്‍ട്ടല്‍ ഗണ്ണേഴ്സ് വലയിലെത്തിച്ചു. പത്താം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് ഉയര്‍ത്തി. ജെറാര്‍ഡ് തന്നെ നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ട സ്കെര്ട്ടലിന് ഇത്തവണയും ലക്ഷ്യം പിഴച്ചില്ല (2-0). 13-ാം മിനിറ്റില്‍ ലൂയി സുവാരസിന്റെ നല്ലൊരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയപ്പോള്‍ ആഴ്സണല്‍ താരങ്ങള്‍ ആശ്വാസം കൊണ്ടു. എന്നാല്‍ ഇതിന് ഏറെ ആയുസ്സുണ്ടായിരുന്നില്ല. 16-ാം മിനിറ്റില്‍ ലിവര്‍പൂള്‍ വീണ്ടും ലീഡ് ഉയര്‍ത്തി. ഇത്തവണ വഴിയൊരുക്കിയത് സൂപ്പര്‍താരം ലൂയി സുവാരസ്. സുവാരസിന്റെ പാസ് സ്വീകരിച്ച് ക്ലോസ് റേഞ്ചില്‍ നിന്ന് സ്റ്റര്‍ലിംഗ് വലംകാലുകൊണ്ട് ഉതിര്‍ത്ത ഷോട്ട് വലയില്‍ തറച്ചുകയറി. 20-ാം മിനിറ്റില്‍ ലിവര്‍പൂള്‍ നാലാം തവണയും ഗണ്ണേഴ്സ് വല കുലുക്കി. ബോക്സിന് പുറത്തുനിന്ന് ഡാനിയേല്‍ സ്റ്ററിഡ്ജി ഇടംകാലുകൊണ്ട് പായിച്ച ലോംഗ് റേഞ്ചറാണ് വലയുടെ ഇടത്തേമൂലയില്‍ പതിച്ചത്. പിന്നീട് 52-ാം മിനിറ്റില്‍ ലിവര്‍പൂള്‍ അഞ്ചാം തവണയും ആഴ്സണല്‍ വല കുലുക്കി. കാലോ ടൂറേയുടെ പാസില്‍ നിന്ന് റഹീം സ്റ്റര്‍ലിംഗ് ഉതിര്‍ത്ത ഷോട്ട് ആഴ്സണല്‍ ഗോളി കുത്തിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് സ്റ്റര്‍ലിംഗ് നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ വലയിലേക്ക് അടിച്ചുകയറ്റി. 69-ാം മിനിറ്റില്‍ ആഴ്സണല്‍ ആശ്വാസഗോള്‍ നേടി. അലക്സ് ചേംബര്‍ലെയ്നെ ജെറാര്‍ഡ് ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാറ്റിയിലൂടെയാണ് ഗോള്‍ പിറന്നത്. കിക്കെടുത്ത അര്‍ട്ടേറ്റ ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു.
മത്സരത്തില്‍ പന്ത് കൂടുതല്‍ സമയം കൈവശം വെച്ചത് ആഴ്സണലായിരുന്നെങ്കിലും അവസരങ്ങള്‍ ലഭിച്ചത് ലിവര്‍പൂള്‍ താരങ്ങള്‍ക്കായിരുന്നു. 21 തവണ ഉതിര്‍ത്ത ഷോട്ടുകളില്‍ 12 എണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. അതില്‍ അഞ്ചെണ്ണം വലയില്‍ കയറുകയും ചെയ്തു.
















