കൊച്ചി: അഭ്രപാളിയിലെ താരരാജാക്കന്മാര്ക്ക് ഇന്ന് ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്നൊരുക്കും. മലയാളത്തിന്റെയും (കേരള സ്ട്രൈക്കേഴ്സ്) തമിഴിന്റെയും (ചെന്നൈ റൈനോസ്), കന്നടത്തിന്റെയും (കര്‍ണാടക ബുള്‍ഡോസേഴ്സും) മറാത്തിയുടെ (വീര്‍ മറാഠി)യും സൂപ്പര്‍ താരങ്ങള്‍ കൊമ്പുകോര്‍ക്കുന്ന പോരാട്ടത്തിനുമാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമാണ് വേദിയാവുന്നത്. വൈകിട്ട് മൂന്നിന് നടക്കുന്ന ആദ്യ മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്സും വീര്‍ മറാത്തിയും ഏറ്റുമുട്ടുമ്പോള്‍ കേരള സ്ട്രൈക്കേഴ്സിന്റെ പോരാട്ടം രാത്രി 7നാണ് ആരംഭിക്കുന്നത്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തിലെ കേരള സ്ട്രൈക്കേഴ്സിന്റെ ഹോം മാച്ചാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസവുമായി എത്തുന്ന അമ്മ കേരള സ്ട്രൈക്കേഴ്സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ചെന്നൈ റൈനോസിനെയാണ് നേരിടുക. ആദ്യ മല്‍സരത്തില്‍ വൈകുന്നേരം മൂന്നിന് കര്‍ണാടക ബുള്ഡോസേഴ്സ് വീര്‍ മറാത്തിയെ നേരിടും. ഇന്ന് കളി ജയിച്ചാല്‍ ടീമിന് സെമിയില്‍ സാധ്യത ഉറപ്പിക്കാനാവും. ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേഴ്സിനെതിരെ നാല് വിക്കറ്റിന്റെയും ദുബായിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ വീര്‍ മറാത്തി ടീമിനെതിരെ മൂന്ന് വിക്കറ്റിന്റെയും ഉജ്വല വിജയം കേരള സ്ട്രൈക്കേഴ്സ് നേടിയിരുന്നു. 16ന് റാഞ്ചിയില്‍ ബംഗാള്‍ ടൈഗേഴ്സിനെതിരെയാണ് ടീമിന്റെ അവസാന മത്സരം.
മോഹന്‍ലാല്‍ നോണ്‍ പ്ലെയിങ് ക്യാപ്റ്റനായ ടീമിനെ രാജീവ് പിള്ളയാണ് നയിക്കുന്നത്. ബിനീഷ് കോടിയേരിയാണ് വൈസ് ക്യാപ്റ്റന്‍. ഭാവനയും മൈഥിലിയുമാണ് ബ്രാന്‍ഡ് അംബാസഡര്‍മാര്‍. നിവിന്‍ പോളി, വിവേക് ഗോപന്, മണിക്കുട്ടന്, അരുണ്‍ ബെന്നി, അര്ജുന് നന്ദകുമാര്‍, സന്തോഷ് സ്ലീബ, ശ്യാം മോഹന്‍, രാഗേന്ദു, സുരേഷ് നായര്‍, പ്രജോദ് കലാഭവന്‍, റിയാസ്ഖാന്, ആസിഫ് അലി, ഉണ്ണി മുകുന്ദന്, രാഹുല്‍ മാധവ്, കൃഷ്ണകുമാര്‍, ഷഫീഖ് അഹമ്മദ് എന്നിവരാണ് മറ്റ് താരങ്ങള്‍.
വിശാല്‍ നയിക്കുന്ന ചെന്നൈ ടീമില്‍ ജീവ, ഭരത്, ആര്യ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. വിക്രാന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. തൃഷയാണ് ടീമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. കഴിഞ്ഞ തവണ സെമി ഫൈനല്‍ കളിച്ച ടീം ഇക്കുറി വളരെ പ്രതീക്ഷയിലാണെന്ന് ടീം മാനേജര്‍ ഇടവേള ബാബു പറഞ്ഞു. മത്സരങ്ങള്‍ വീക്ഷിക്കാന്‍ പ്രമുഖ താരങ്ങളടക്കമുള്ളവര്‍ ഇന്ന് സ്റ്റേഡിയത്തിലെത്തും. കാണികള്‍ക്ക് സൗജന്യ പാസ് മൂലം പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
സ്പോര്‍ട്സ് ലേഖകന്‍
















