ചിറ്റഗോംഗ്: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിക്കാന്‍ ബംഗ്ലാദേശിന് 455 റണ്‍സ്കൂടി വേണം. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 467 റണ്‍സ് വേണ്ട ബംഗ്ലാദേശ് നാലാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 12 റണ്‍സെടുത്തിട്ടുണ്ട്. 7 റണ്‍സോടെ തമിം ഇഖ്ബാലും നാല് റണ്‍സുമായി ഷംസുര്‍ റഹ്മാനുമാണ് ക്രീസില്‍. നേരത്തെ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കുമാര്‍ സംഗക്കാര രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടി. സംഗക്കാരക്ക് പുറമെ ചണ്ടിമലും (100 നോട്ടൗട്ട്) സെഞ്ച്വറി കരസ്ഥമാക്കി. ഒരു ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയും ഇതോടെ സംഗക്കാരക്ക് സ്വന്തമായി. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ചാണ് ഈ ബഹുമതി സ്വന്തമാക്കിയ ആദ്യ താരം. 1990-ല്‍ ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ ഇന്ത്യക്കെതിരെയാണ് ഗൂച്ചിന്റെ നേട്ടം.
409ന് എട്ട് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ബംഗ്ലാദേശ് 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓള് ഔട്ടായി. തലേന്നത്തെ അതേ സ്കോറില്‍ തന്നെ ഒമ്പതാം വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. 30 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച മഹമ്മദുള്ള അതേ സ്കോറില്‍ തന്നെ അജാന്ത മെന്‍ഡിസ് സില്‍വയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 426-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത അല്‍ അമിന്‍ ഹൊസൈനെ മെന്‍ഡിസ് ബൗള്‍ഡാക്കിയതോടെ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിന് വിരാമമായി. ഇതോടെ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 161 റണ്‍സിന്റെ ലീഡ് കരസ്ഥമാക്കി. ശ്രീലങ്കക്ക് വേണ്ടി അജാന്ത മെന്‍ഡിസ് 99 റണ്‍സ് വിട്ടുകൊടുത്ത് ആറും പെരേര 119 റണ്‍സിന് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ശ്രീലങ്കക്ക് 78 റണ്‍സെടുക്കുന്നതിനിടെ കരുണരത്നെ (15), കൗശല്‍ സില്‍വ (29), ജയവര്‍ദ്ധനെ (11) എന്നിവരെ നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ സംഗക്കാരയും ചണ്ടിമലും ഒത്തുചേര്‍ന്നതോടെ സിംഹള പട പിടിമുറുക്കി. 145 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഒടുവില്‍ സ്കോര്‍ 223-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റ് ലങ്കക്ക് നഷ്ടമായി. 105 റണ്‍സെടുത്ത സംഗക്കാര സൊഹാഗ് ഗാസിയുടെ പന്തില്‍ ബൗള്‍ഡായി. പിന്നീട് ചണ്ടിമലും ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും (43 നോട്ടൗട്ട്) ചേര്‍ന്ന് സ്കോര്‍ 305ലെത്തിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
















