ഓക്ലന്റ്: തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ന്യൂസിലാന്റ് ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ന്യൂസിലാന്റ് നാല് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സ് നേടിയിട്ടുണ്ട്. 143 റണ്‍സോടെ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവും 42 റണ്‍സോടെ കോറി ജെ. ആന്‍ഡേഴ്സണുമാണ് ക്രീസില്‍. മുപ്പത് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ന്യൂസിലാന്റിനെ കരകയറ്റിയത് സെഞ്ച്വറി നേടിയ കീന്‍ വില്ല്യംസണും മക്കല്ലവും ചേര്‍ന്നാണ്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ധോണിയുടെ ഈ തീരുമാനത്തെ ശരിവെക്കുന്ന രീതിയില്‍ ഇന്ത്യന്‍ പേസര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ ന്യൂസിലാന്റ് വന്‍ തകര്‍ച്ച നേരിടുമെന്ന് തോന്നിച്ചു. സ്കോര്‍ബോര്‍ഡില്‍ 19 റണ്‍സ് മാത്രമുള്ളപ്പോള്‍ 6 റണ്‍സെടുത്ത ഓപ്പണര്‍ റൂതര്‍ഫോര്‍ഡിനെ ഇഷാന്ത് ശര്‍മ്മ രഹാനെയുടെ കയ്യിലെത്തിച്ച് ആദ്യപ്രഹരം ഏല്‍പ്പിച്ചു. നാല് റണ്‍സ്കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മറ്റൊരു ഓപ്പണറായ ഫുള്‍ടണും മടങ്ങി. 13 റണ്‍സെടുത്ത ഫുള്‍ടണെ സഹീര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 30 റണ്‍സിലെത്തിയപ്പോള്‍ മൂന്നാം വിക്കറ്റും കിവീസിന് നഷ്ടമായി.
ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട്സെഞ്ച്വറിയുമായി അരങ്ങുനിറഞ്ഞ റോസ് ടെയ്‌ലര്‍ക്ക് പക്ഷേ ടെസ്റ്റില്‍ പിഴച്ചു. മൂന്ന് റണ്‍സെടുത്ത ടെയ്‌ലറെ ഇഷാന്ത് ശര്‍മ്മ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. നാലാം വിക്കറ്റില്‍ വില്ല്യംസണിനൊപ്പം ക്യാപ്റ്റന്‍ മക്കല്ലം ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദവും അസ്തമിക്കുന്നതാണ് കണ്ടത്. ഏകദിനത്തിലെന്നപോലെ ഉജ്ജ്വലപ്രകടനം ആവര്‍ത്തിച്ച വില്ല്യംസണിന് മക്കല്ലം ഉറച്ച പിന്തുണയാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 221 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ ഇരുവരും സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. മക്കല്ലം 135 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളും ഒരു സിക്സറുമടക്കവും വില്ല്യംസണ്‍ 138 പന്തുകളില്‍ നിന്ന് 10 ഫോറും രണ്ട് സിക്സറുമടക്കമാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ സ്കോര്‍ 251 റണ്‍സിലെത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. 172 പന്തുകളില്‍ നിന്ന് 10 ഫോറും രണ്ട് സിക്സറുമടക്കം 113 റണ്‍സെടുത്ത വില്ല്യംസണെ സഹീര്‍ഖാന്‍ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലെത്തിച്ചതോടെയാണ് ഈ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ ആന്‍ഡേഴ്സണ്‍ മക്കല്ലത്തിന് മികച്ചപിന്തുണയാണ് നല്‍കിയത്. അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 78 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മ്മയും സഹീര്‍ ഖാനും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
















