ഓക്ലാന്റ്: മുഖം രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ഓക്ലാന്റിലെ ഈഡന്‍ പാര്‍ക്കാണ് കളിക്കളം. സോണി സിക്സില്‍ കളി തത്സമയം കാണാം. പുലര്‍ച്ചെ 3.30നാണ് മത്സരാരംഭം.
ഏകദിന പരമ്പരയില്‍ അമ്പേ നാണംകെട്ട ഇന്ത്യയ്‌ക്കിത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. വിദേശമണ്ണിലെ പൂച്ചകളെന്ന പേരുദോഷം മഹേന്ദ്ര സിങ് ധോണിക്കും സംഘത്തിനും മാറ്റിയേ മതിയാവു. പരമ്പര സമനിലയിലെങ്കിലുമാക്കിയാല്‍ റാങ്കിങ്ങില്‍ ടീം ഇന്ത്യയ്‌ക്കു രണ്ടാം സ്ഥാനത്തു തുടരാനാവും. അതല്ലെങ്കില്‍ അവിടെ നിന്നും കുടിയിറക്കപ്പെടും. സന്ദര്‍ശകരെ പൂര്‍ണമായി തോല്‍പ്പിച്ചു മടക്കുകയാവും കിവികളുടെ ഉദ്ദേശ്യം.
ടെസ്റ്റില്‍ ഇന്ത്യയത്ര മോശമാക്കില്ലെന്ന് ന്യൂസിലാന്റിന് നന്നായറിയാം. ദക്ഷിണാഫ്രിക്കയില്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യ ടെസ്റ്റില്‍ ശക്തമായി ചെറുത്തുനിന്നത് ബ്ലാക്ക് ക്യാപ്സിന് ഓര്‍മ്മയുണ്ട്. മാത്രമല്ല സ്വന്തംനാട്ടില്‍ അടുത്തകാലത്തായി അത്ര മികവുകാട്ടാന്‍ ന്യൂസിലാന്റിന് കഴിഞ്ഞിട്ടില്ല. 2011 നുശേഷം നാട്ടിലെ മൂന്നു ടെസ്റ്റുകളില്‍ മാത്രമേ അവര്‍ ജയിച്ചിട്ടുള്ളു. രണ്ടുതവണ വെസ്റ്റിന്‍ഡീസിനോടും ഒരുപ്രാവശ്യം സിബാംബ്‌വെയോടും. എങ്കിലും ഇന്ത്യയുടെ മോശം റെക്കോര്‍ഡ് കിവികള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. വിദേശത്തെ അവസാന 12 ടെസ്റ്റുകളില്‍ ഒന്നില്‍പ്പോലും ജയംനേടാന്‍ കഴിയാത്തവരാണ് ധോണിപ്പട.
വിരാട് കോഹ്ലിയുടെ ബാറ്റിങ്ങിനെ ആശ്രയിച്ചിരിക്കും പരമ്പരയില്‍ ഇന്ത്യയുടെ ഭാവി. ചേതേശ്വര്‍ പൂജാരയും രോഹിത് ശര്‍മ്മയും ധോണിയുമൊക്കെ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ കളിമാറും. ന്യൂസിലാന്റിലെ അനുകൂല സാഹചര്യങ്ങള്‍ പന്തേറുകാര്‍ മുതലെടുക്കുകകൂടിചെയ്താല്‍ ഇന്ത്യയ്‌ക്ക് ജീവന്‍ നിലനിര്‍ത്താം. ആര്‍. അശ്വിനു പകരം രവീന്ദ്ര ജഡേജയെ ഉള്‍ക്കൊള്ളിച്ചുള്ള ടീമാവും ഓക്ലാന്റില്‍ ഇറങ്ങുക. പേസര്‍മാരില്‍ ഇഷാന്ത് ശര്‍മ്മയും ഭുവനേശ്വര്‍ കുമാറും മത്സരമുണ്ട്. ഉയരവും വേഗവും ഇഷാന്തിന് മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ ഏകദിനങ്ങളില്‍ ഏറെ തിളങ്ങിയ ഭുവനേശ്വറിനും സാധ്യതയുണ്ട്.
ബൗളര്‍മാരുടെ ഫോമില്‍ ന്യൂസിലാന്റ് കണ്ണുവയ്‌ക്കുന്നു. ടിം സൗത്തിയും ട്രന്റ് ബൗള്‍ട്ടും ഡഗ് ബ്രേസ്‌വെല്ലും നെയ്‌ല് വാഗ്നറും ആര്‍ക്കും ഭീഷണി ഉയര്‍ത്തും. ടീമില്‍ നാലു പേസര്‍മാരെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ബ്രേസ്‌വെല്‍ പുറത്തിരുന്നേക്കും. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ വംശജനായ ലെഗ് സ്പിന്നര്‍ ഇഷ് സോധി അരങ്ങേറും. കീന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ന്യൂസിലാന്റിന്റെ ബാറ്റിങ് പ്രതീക്ഷകള്‍. ബ്രണ്ടന്‍ മക്കല്ലവും കോറി ആന്‍ഡേഴ്സനും വന്‍ ഇന്നിങ്ങ്സുകള്‍ക്ക് പ്രാപ്തര്‍ തന്നെ.
















