ചിറ്റഗോങ്ങ്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ കുമാര്‍ സംഗക്കാരയ്‌ക്ക് ട്രിപ്പിള്‍ സെഞ്ച്വറി. 32 ബൗണ്ടറികളുടെയും എട്ടു സിക്സറുകളുടെയും അകമ്പടിയോടെ 319 റണ്‍സ് അടിച്ചുകൂട്ടിയ സംഗയുടെ മാസ്മരിക പ്രകടനത്തിന്റെ ബലത്തില്‍ ഒന്നാം ഇന്നിങ്ങ്സില്‍ ലങ്ക 587 എന്ന കൂറ്റന്‍ സ്കോര്‍ നേടി. അജന്ത മെന്‍ഡിസ് (47) വാലറ്റത്തില്‍ സംഗക്കാരയ്‌ക്ക് തരക്കേടില്ലാത്ത പിന്തുണ നല്‍കി.
സംഗക്കാരയുടെ കന്നി ട്രിപ്പിള്‍ സെഞ്ച്വറിയാണിത്. കരിയറില്‍ ഇത് ഒമ്പതാം തവണയാണ് സംഗക്കാര 200 അപ്പുറമുള്ള സ്കോര്‍ കണ്ടെത്തുന്നത്. ഇക്കാര്യത്തില്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ (12) മാത്രമേ സംഗക്കാരയ്‌ക്കു മുന്നിലുള്ളു. ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സെന്ന മാന്ത്രിക സംഖ്യയിലെത്താനും ഇന്നലെ ലങ്കന്‍ താരത്തിനു കഴിഞ്ഞു. 122 മത്സരങ്ങളില്‍ നിന്നാണ് സംഗ ഇത്രയും റണ്‍സ് വാരിയത്.
രണ്ടാം ദിനം സംഗക്കാര തന്റേത് മാത്രമാക്കിമാറ്റി. 160 എന്ന വ്യക്തിഗത സ്കോറില്‍ ബാറ്റിങ് പുനരാരംഭിച്ച ആ ഇടംകൈയന്‍ ജീനിയസ് ബംഗ്ലാദേശി ബൗളര്‍മാരെ അടിച്ചൊതുക്കി. അവസാന മൂന്നു കൂട്ടാളികള്‍ക്കൊപ്പം 116 റണ്‍സ് സംഗക്കാര ടീം സ്കോറിലെത്തിച്ചു. പത്താം വിക്കറ്റ് കൂട്ടുകെട്ടിലെ 54 റണ്‍സില്‍ 44ഉം സംഗയുടെ സംഭാവനയായിരുന്നു. ഷാക്കിബ് അല്‍ഹസനെ ബൗണ്ടറിക്ക് തുടര്‍ സിക്സറിനും ശിക്ഷിച്ചാണ് സംഗക്കാര 300 കടന്നത്. ബംഗ്ലാദേശിനുവേണ്ടി ഷാക്കിബ് അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി.
മറുപടി ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ 86/1 എന്ന നിലയിലാണ്. ഷംസുര്‍ റഹ്മാന്‍ (45), ഇമൃല്‍ കീസ് (36) എന്നിവര്‍ ക്രീസില്‍. തമീം ഇക്ബാല്‍ പൂജ്യത്തിന് പുറത്തായി.
















