ഫുട്ബോളിന്റെ ജന്മനാടായ ഇംഗ്ലണ്ടിന് ഒരു തവണമാത്രമേ ലോകകപ്പ് ഉയര്‍ത്താനായിട്ടുള്ളു, 1966ല്‍. വലിയ വേദികളില്‍ എന്നും അടിപതറിയിട്ടുള്ള ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏക മഹാനേട്ടത്തില്‍ ഗോര്‍ഡന്‍ ബാങ്ക്സ് എന്ന വിഖ്യാത ഗോളി വഹിച്ച പങ്ക് ഇന്നും ആരാധകര്‍ മറന്നിട്ടില്ല.
പോസ്റ്റിന് കീഴില്‍ ബാങ്ക്സ് ഉണ്ടെങ്കില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ പണം നിക്ഷേപിക്കുന്നതുപോലെ സുരക്ഷിതം എന്നൊരു ചൊല്ലുണ്ടായിരുന്നു. അതിനെ അന്വര്‍ത്ഥമാക്കി 66ല്‍ സ്വന്തംനാട്ടില്‍ നടന്ന ലോകകപ്പിലെ ബാങ്ക്സിന്റെ പ്രകടനം.
ഫൈനലിലേക്കുള്ള യാത്രയില്‍ ബാങ്ക്സ് വഴങ്ങിയത് വെറും ഒരേയൊരു ഗോള്‍. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം യൂസേബിയോ മാത്രമേ ബാങ്ക്സിനെ കീഴടക്കിയുള്ളു. അതും പെനാല്‍റ്റിയിലൂടെ. ഉശിരന്‍ റിഫ്ലക്സുകളിലൂടെയും നെഞ്ചുറപ്പുള്ള ബ്ലോക്കുകളിലൂടെയും ബാങ്ക്സ് എതിര്‍ മുന്നേറ്റനിരകളെ നിരന്തരം വെല്ലുവിളിച്ചു, ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ജേതാക്കളായി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളി ആരെന്നതില്‍ പുരസ്കാര നിര്‍ണയ സമിതിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല.
1970ല്‍ ലോകകപ്പ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മെക്സിക്കോയിലേക്ക് ഇംഗ്ലണ്ട് വിമാനം കയറി. പക്ഷേ കാര്യങ്ങള്‍ എല്ലാം ചാമ്പ്യന്‍മാര്‍ക്ക് വിരുദ്ധമായിരുന്നു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് പശ്ചിമ ജര്‍മ്മനിക്കു മുന്നില്‍ 3-2ന് മുട്ടുകുത്തി. ആ മത്സരത്തില്‍ പരിക്കുകാരണം ബാങ്ക്സ് കളിച്ചില്ല. എന്നിരുന്നാലും ബ്രസീലിനോടുള്ള ഒന്നാം റൗണ്ട് പോരാട്ടത്തില്‍ ഒരു ഉശിരന്‍ സേവിലൂടെ ബാങ്ക്സ് ഏവരുടെയും ഹൃദയം കീഴടക്കിക്കഴിഞ്ഞിരുന്നു.
ആ സേവിനെ ഇങ്ങനെ വിവരിക്കാം: വലതു വിങ്ങില്‍ നിന്ന് ജെര്‍സെയ്ഞ്ഞോയുടെ അളന്നുമുറിച്ച ക്രോസ് പെലെയുടെ തലയ്‌ക്കു പാകത്തിനെത്തി. ഒട്ടും അമാന്തിക്കാതെ പെലെ വലയുടെ വലതു മൂലയെ ലാക്കാക്കി ഹെഡ് ചെയ്തു. ഗോള്‍ ലൈനിനു സമീപം വെടിയുണ്ടപോലെ പതിച്ച പന്തിനെ അതിസാഹസികമായി ബാങ്ക്സ് തട്ടിയകറ്റുമ്പോള്‍ സാക്ഷാല്‍ പെലെ പോലും നമിച്ചുനിന്നു. നൂറ്റാണ്ടിലെ സേവെന്ന വിശേഷണമാണ് ബാങ്ക്സിന്റെ അതിസാഹസിക പ്രകടനത്തിന് കളി നിരൂപകര്‍ ചാര്‍ത്തിക്കൊടുത്തത്. പിന്നീട് ഒരു കാറപകടത്തില്‍ വലതു കണ്ണിന്റെ കാഴ്‌ച്ചനഷ്ടപ്പെട്ട ബാങ്ക്സ് 1972ല്‍ കാല്‍പ്പന്തുകളങ്ങളോട് എന്നെന്നേക്കുമായി വിടപറഞ്ഞു. രാജ്യത്തിന്റെ കുപ്പായത്തിലെ 73 കളികളില്‍ 53 ഗോളുകള്‍ മാത്രമേ ബാങ്ക്സ് വഴങ്ങിയിട്ടുള്ളു. 35 മത്സരങ്ങളില്‍ വലയില്‍ പന്തെത്താതെ കാത്തെന്നതും ആ പ്രതിഭയുടെ മഹത്വം വെളിപ്പെടുത്തുന്നു.
















