സൂറിച്ച്: ചെസ് ചലഞ്ച് ചാമ്പ്യന്‍ഷിപ്പിലെ ക്ലാസിക്കല്‍ റൗണ്ടിലെ അഞ്ചാം മത്സരത്തില്‍ ലോക ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സനും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും സമനിലയില്‍ പിരിഞ്ഞു.
നാളത്തെ റാപ്പിഡ് പോരാട്ടത്തിന്റെ റിഹേഴ്സല്‍ എന്ന് തോന്നിച്ച മത്സരത്തില്‍ 40 നീക്കങ്ങള്‍ക്കൊടുവിലാണ് ലോക ചെസിലെ കടുത്ത എതിരാളികള്‍ തമ്മില്‍ സന്ധി ചെയ്തത്. വെറും 70 മിനിറ്റുകള്‍ കൊണ്ടാണ് ഇരുവരും നീക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഏറ്റവും വിശ്വസനീയമായ സ്പാനിഷ് ഓപ്പണിങ് തെരഞ്ഞെടുത്ത ആനന്ദിന് കറുത്തകരുക്കളുമായി കളിച്ച കാള്‍സനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞില്ല. ക്ലാസിക് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ കാള്‍സ(8 പോയിന്റ്)നാണ് മുന്നില്‍. ആനന്ദ് (4) അഞ്ചാമതും.
മറ്റൊരു മത്സരത്തില്‍ അമേരിക്കന്‍ താരം ഹിക്കാരു നക്കാമുറയും ഇസ്രയേല്‍ പ്രതിനിധി ബോറിസ് ഗെല്‍ഫാന്‍ഡും പോയിന്റ് പങ്കിട്ടു. അതേസമയം, അര്‍മേനിയയുടെ ലെവോണ്‍ അരോണിയന്‍ ഇറ്റലിയുടെ ഫാബിയാനൊ കരൂനയോടു പരാജയപ്പെട്ടു. ആറു മണിക്കൂര്‍ നീണ്ട മസ്തിഷ്ക യുദ്ധത്തിനൊടുവിലായിരുന്നു അരോണിയന്റെ കീഴടങ്ങല്‍.
















