ചെന്നൈ: പരാജയത്തിന്റെ വക്കില്‍ നിന്ന് തിരിച്ചടിച്ച് കര്‍ണാടകത്തെ കീഴടക്കി(3-2) കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനുള്ള ടിക്കറ്റ് സ്വന്തമാക്കി. അത്യന്തം വാശിയേറിയ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമാണ് കേരളം വിജയവും അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റും സ്വന്തമാക്കിയത്. മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് രണ്ട് മിനിറ്റിനിടെയാണ് കേരളത്തിന്റെ രണ്ട് ഗോളുകള്‍ പിറന്നത്. കേരളത്തിന് വേണ്ടി ഷിബിന്‍ലാല്‍ രണ്ടും ജോണ്‍സണ്‍ ഒരു ഗോളും നേടി.
കഴിഞ്ഞ ദിവസം ദുര്‍ബലരായ ആന്‍ഡമാനെ എതിരില്ലാത്ത 17 ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്നലെ കര്‍ണാടകയെ നേരിട്ടത്. എന്നാല്‍ കേരളത്തിന്റെ പ്രതീക്ഷ തകര്‍ക്കുന്ന തരത്തിലാണ് അവര്‍ കളി തുടങ്ങിയത്.
മത്സരം ആരംഭിച്ച് 28 മിനിറ്റ് ആയപ്പോഴേക്കും കേരളം രണ്ട് ഗോളുകള്‍ക്ക് പിന്നിലായി. എന്നാല്‍ വര്‍ദ്ധിത വീര്യത്തോടെ തിരിച്ചടിച്ച കേരള മുന്നേറ്റനിര 36-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. വി.കെ. ഷിബിന്‍ ലാലാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ 2-1ന് കര്‍ണാടകം മുന്നിട്ടുനിന്നു.
ഒരു സമനിലകൊണ്ട് മാത്രം ഫൈനല്‍ റൗണ്ടിലേക്ക് കര്‍ണാടകം യോഗ്യതനേടുമെന്നിരിക്കെ അവര്‍ പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയാണ് കളിച്ചത്. ഇതോടെ കേരളത്തിന്റെ മുന്നേറ്റങ്ങളെല്ലാം അവരുടെ പ്രതിരോധത്തില്‍ത്തട്ടി തെറിച്ചു. എന്നാല്‍ തോല്‍ക്കാന്‍ മനസ്സില്ലാത്ത കേരളത്തിന്റെ ചുണക്കുട്ടികള്‍ വീണ്ടും തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ടെങ്കിലും മുഴുവന്‍ സമയം പിന്നിട്ടപ്പോഴും സമനില ഗോള്‍ പിറന്നില്ല. എന്നാല്‍ ഇഞ്ച്വറി സമയത്തിന്റെ എട്ടും ഒമ്പതും മിനിറ്റുകളില്‍ കര്‍ണാടക പ്രതിരോധത്തെ തകര്‍ത്തെറിഞ്ഞ് ജോണ്‍സണും ഷിബിന്‍ലാലും വല കുലുക്കിയതോടെ കേരള താരങ്ങള്‍ ആര്‍ത്തുവിളിച്ചു. ഒപ്പം കര്‍ണാടക കണ്ണീരുമായി മടങ്ങി.
ആദ്യ മത്സരത്തില്‍ത്തന്നെ ആതിഥേയരായ തമിഴ്‌നാടിനോട് ഏകപക്ഷീയമായ ഒരുഗോളിന് തോറ്റതോടെയാണ് കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്കെത്താന്‍ അവസാന കളിവരെ നിര്‍ണായകമായി മാറിയത്.
















