ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം കര്‍ണാടകത്തിന് കയ്യെത്തും ദൂരത്ത്. ഒന്നാം ഇന്നിംഗ്സില്‍ 210 റണ്‍സിന്റെ ലീഡ് നേടിയ കര്‍ണാടകം രണ്ടാം ഇന്നിംഗ്സില്‍ 272 റണ്‍സെടുക്കുന്നതിനിടെ മഹാരാഷ്‌ട്രയുടെ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തി. ഒരു ദിവസവും നാല് വിക്കറ്റും കയ്യിലിരിക്കെമഹാരാഷ്‌ട്രക്ക് 62 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ കഴിഞ്ഞു എന്നതാണ് മഹാരാഷ്‌ട്രക്ക് ആശ്വസിക്കാനുള്ളത്. മൂന്ന് റണ്‍സോടെ രോഹിത് മോത്‌വാനിയും ശ്രീകാന്ത് മുണ്ഡെയുമാണ് ക്രീസില്‍.
7ന് 474 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച കര്‍ണാടക 515 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച മഹാരാഷ്‌ട്രക്ക് 54 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ വിജയ്സോളിനെയും (31), ഹര്‍ഷാദ് ഖാദിവാലെയും (9) നഷ്ടമായെങ്കിലും അങ്കിത് ഭവാനെയും (61), കേദാര്‍ ജാദവും (112) ചേര്‍ന്ന് വന്‍ തകര്‍ച്ചയില്‍ നിന്ന് അവരെ കരകയറ്റി. 37 റണ്‍സെടുത്ത ചിരാഗ് ഖുറാനയും ഭേദപ്പെട്ട പ്രകടനം നടത്തി. നാല് വിക്കറ്റ് വിഴ്‌ത്തിയ വിനയ്‌കുമാറും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ശ്രേയസ് ഗോപാലുമാണ് മഹാരാഷ്‌ട്രയെ പ്രതിരോധത്തിലാക്കിയത്.
















