മാഡ്രിഡ്: സ്പാനിഷ് ഫുട്ബോളിന് സുവര്‍ണ നേട്ടങ്ങളുടെ വാതിലുകള്‍ തുറന്നുകൊടുത്ത വിഖ്യാത പരിശീലകന്‍ ലൂയിസ് അരഗോണെസ് (75) അന്തരിച്ചു. മാഡ്രിഡിലെ ഒരു ക്ലിനിക്കില്‍ ഇന്നലെ രാവിലെ 6.15നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2008ല്‍ അരഗോണെസിന്റെ കീഴിലാണ് സ്പെയിന്‍ യൂറോ കപ്പ് ജയിച്ചത്. സുപ്രധാന അന്താരാഷ്‌ട്ര കിരീടത്തിനുള്ള സ്പെയിന്റെ കാത്തിരിപ്പിന് വിരാമമായതും അതോടുകൂടിയായിരുന്നു. അരഗോണെസിന്റെ വിയോഗത്തില്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ അഗാധ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. അത്ലറ്റിക്കോ മാഡ്രിഡ് അടക്കമുള്ള ടീമുകളും പ്രമുഖ താരങ്ങളും അനുശോചിച്ചു.
1938-ല്‍ മാഡ്രിഡില്‍ ജനിച്ച അരഗോണെസ് കളിക്കാരന്‍ എന്ന നിലയിലും കോച്ച് എന്ന നിലയിലും ഏറെ നേട്ടങ്ങള്‍ കൊയ്ത പ്രതിഭാശാലിയായിരുന്നു. 1957-74 കാലഘട്ടത്തില്‍ റയല്‍ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ഗെറ്റാഫെ, റയല്‍ ബെറ്റിസ്, എന്നീ പ്രമുഖ ടീമുള്‍ക്കുവേണ്ടി അദ്ദേഹം ബൂട്ടുകെട്ടി. അത്ലറ്റിക്കോയ്‌ക്ക് വേണ്ടി 372 മത്സരങ്ങളില്‍ നിന്ന് 172 ഗോളുകള്‍ കുറിച്ചു. 1966, 70, 73 വര്‍ഷങ്ങളില്‍ അത്ലറ്റിക്കോയെ ലീഗ് ചാമ്പ്യന്‍മാരാക്കുന്നതിലും അരഗോണെസിലെ സ്ട്രൈക്കര്‍ നിര്‍ണായക പങ്കുവഹിച്ചു. 65ലും 72ലും സ്പാനിഷ് കാപ്പില്‍ മുത്തമിട്ട അത്ലറ്റിക്കോ സംഘത്തിലും അരഗോണെസ് ഉണ്ടായിരുന്നു. ദേശീയ കുപ്പായത്തില്‍ 13 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്.
കളിക്കളത്തില്‍ നിന്ന് വിരമിച്ചശേഷം അത്ലറ്റിക്കോയുടെ പരിശീലകന്‍ എന്ന നിലയിലും അരഗോണെസ് തിളങ്ങി. 1977-ല്‍ ലാ ലീഗയിലും 76, 85, 92 വര്‍ഷങ്ങളില്‍ കിങ്ങ്സ് കാപ്പിലും അരഗോണെസ് ടീമിനെ ജയത്തിലേക്ക് നയിച്ചു. 1988-ലെ കിങ്ങ്സ് കപ്പ് ഷെല്‍ഫിലെത്തിക്കാന്‍ ബാഴ്സലോണയെ സഹായിച്ചതും മറ്റാരുമല്ല. വലന്‍സിയ, മയ്യോര്‍ക്ക, സെവിയ, എസ്പാന്യോള്‍ തുടങ്ങിയ ക്ലബ്ബുകളെയും അരഗോണെസ് കളി പഠിപ്പിച്ചിട്ടുണ്ട്.
2004ലായിരുന്നു സ്പെയിനിന്റെ പരിശീലന ചുമതലയേറ്റെടുത്തത്. റൗള്‍, മൈക്കല്‍ സല്‍ഗാഡോ തുടങ്ങിയ സ്ഥിരം സാന്നിധ്യങ്ങളെ ഒഴിവാക്കിയ അരഗോണെസ് പുതമുഖങ്ങള്‍ക്ക് അവസരം നല്‍കി. ചെറുപാസുകളിലൂടെ കളി മെനയുന്ന നവീനകേളിശൈലിക്കും പ്രാമുഖ്യം കൊടുത്തു. ഈ ശൈലിയാണ് പിന്നീട് ബാഴ്സലോണ കാര്യക്ഷമതയോടെ കളത്തില്‍ നടപ്പാക്കിയത്. സ്പെയിന്റെ യൂറോകപ്പ് നേട്ടത്തിന് പിന്നാലെ അരഗോണെസ് ദേശീയ പരിശീലക സ്ഥാനം ഒഴിഞ്ഞു. എങ്കിലും നേട്ടങ്ങളുടെ കൊടുമുടികള്‍ കയറാന്‍ ശേഷിയുള്ള ടീമിനെ രൂപപ്പെടുത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. സ്പെയിന്‍ പീന്നിട് നേടിയ ലോകകപ്പ് (2010), യൂറോകപ്പ് (2012) ട്രോഫികള്‍ അതടിവരയിട്ടു. തുര്‍ക്കി ക്ലബ്ബ് ഫെനര്‍ബാഷെയാണ് (2008-09) അരഗോണെസ് ഏറ്റവുമൊടുവില്‍ പരിശീലിപ്പിച്ചത്.
















