ചെന്നൈ: ആന്‍ഡമാനെ ഗോള്‍ മഴയില്‍ മുക്കികേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ദക്ഷിണ മേഖലാ മത്സരത്തില്‍ കേരളത്തിന് ഗംഭീര വിജയം. മറുപടിയില്ലാത്ത 17 ഗോളുകള്‍ക്കാണ് കേരളം ആന്‍ഡമാനെ തകര്‍ത്തെറിഞ്ഞത്. കേരളത്തിന് വേണ്ടി ഷിബിന്‍ലാല്‍ (5), സുഹൈര്‍ (4), ഉസ്മാന്‍ (3), ജിപ്സണ്‍ (2), നസറുദ്ദീന്‍ (2), ജോണ്‍സണ്‍ (1) എന്നിവര്‍ ഗോളുകള്‍ നേടി. ആന്‍ഡമാന്റെ തുടര്‍ച്ചയായ നാലാം പരാജയമാണിത്. നേരത്തെ ആന്ധ്രയോടും കര്‍ണാടകയോടും തമിഴ്‌നാടിനോടും ആന്‍ഡമാന്‍ പരാജയപ്പെട്ടിരുന്നു.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ തമിഴ്‌നാടും കര്‍ണാടകയും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ നേടി. കര്‍ണാടകക്ക് വേണ്ടി പ്രകാശും തമിഴ്‌നാടിന് വേണ്ടി റെയ്ഗനും ഗോള്‍ നേടി. മേഖലയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 7 പോയിന്റ് വീതം നേടിയ കര്‍ണാടകയും തമിഴ്‌നാടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മൂന്ന് കളികളില്‍ നിന്ന് രണ്ട് വിജയങ്ങളടക്കം ആറ് പോയിന്റുമായി കേരളം മൂന്നാമതാണ്. തിങ്കളാഴ്ച കര്‍ണാടകക്കെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം. ഈ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനാവുകയുള്ളൂ. മറിച്ച് മത്സരം സമനിലയിലായാല്‍ കര്‍ണാടകയും തമിഴ്‌നാടുമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുക.
















