ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരം ജര്‍മ്മനിയുടെ ലോതര്‍ മത്തേവൂസ് തന്നെ. എങ്കിലും ഏറ്റവുമധികം സമയം പന്തുതട്ടിയത് മത്തേവൂസല്ല. ലോകം കണ്ട ഏറ്റവും പ്രതിഭാധനനായ പ്രതിരോധഭടന്മാരില്‍ ഒരാളായ പാവ്ലോ മാള്‍ഡീനിയാണ് ആ ബഹുമതിയുടെ സ്വന്തക്കാരന്. 1990 മുതലുള്ള നാലു ലോകകപ്പുകളിലായി മാള്‍ഡീനി കളിച്ചത് 2,217 മിനിറ്റുകള്‍. പക്ഷേ ഒരിക്കല്‍പ്പോലും ലോകകിരീടം ഉയര്ത്താനായില്ലെന്ന നൊമ്പരത്തോടെയാണ് മാള്‍ഡീനി തന്റെ ഐതിഹാസിക കരിയര്‍ അവസാനിപ്പിച്ചത്.
പ്രതിരോധ ഫുട്ബോള്‍ കലയാക്കിയ ഇറ്റലി ദര്‍ശിച്ച ഏറ്റവും ലക്ഷണമൊത്ത ഡിഫന്ററായിരുന്നു മാള്‍ഡീനി. പരുക്കന്‍ അടവുകള്‍ കാട്ടാതെ തന്ത്രപരമായ പാദചലനങ്ങളിലൂടെ മാള്‍ഡീനി പന്തു റാഞ്ചിയപ്പോള്‍ എതിരാളികള്‍ സ്തബ്ധരായി നിന്നു. 1988-ല്‍ പത്തൊമ്പതാം വയസിലാണ് മാള്‍ഡീനി ആദ്യമായി രാജ്യത്തിന്റെ കുപ്പായമണിഞ്ഞത്. ആവര്‍ഷം ഒളിമ്പിക്സിലെ ഒരു മത്സരത്തിലും അസൂറിപ്പടയ്ക്കുവേണ്ടി ബൂട്ട് കെട്ടി. 1990 സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇറ്റലിയുടെ കോട്ടകാക്കാന്‍ മാള്‍ഡീനിയും ഉണ്ടായിരുന്നു. ഗ്രൂപ്പ് എയില്‍ അമേരിക്കക്കും ചെക്കോസ്ലോവാക്യക്കും ഓസ്ട്രിയക്കും ഒപ്പമായിരുന്നു ഇറ്റലിയുടെ സ്ഥാനം. പ്രാഥമിക റൗണ്ടില്‍ മൂന്നു കളികളിലും ഇറ്റലി ജയിച്ചു. പ്രീ- ക്വാര്‍ട്ടറില്‍ ഉറുഗ്വെയും ക്വാര്‍ട്ടറില്‍ അയര്‍ലന്റും ആതിഥേയരെ നമിച്ചു. ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെയുള്ള രാജകീയ പ്രയാണം. പക്ഷേ, സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന അസൂറികളെ മുട്ടുകുത്തിച്ചുകളഞ്ഞു. ഒടുവില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനവുമായി ഇറ്റലി തലയുയര്‍ത്തിപ്പിടിച്ചു. 94ലെ അമേരിക്കന്‍ ലോകകപ്പില്‍ ഇറ്റലിയുടെ ഉപനായകന്റെ റോള്‍ മാള്ഡീനിയില് നിഷിപ്തമായി. റോബര്‍ട്ടോ ബാജിയോയുടെ സ്ട്രൈക്കിങ് പാടവവും മാള്‍ഡീനിയുടെ പ്രതിരോധ മികവും ചേര്‍ന്നപ്പോള്‍ ഇറ്റലിക്ക് ഫൈനലില്‍ ഇടം. എന്നാല്‍ ബാജിയോ ദുരന്ത ചിത്രമായ ഷൂട്ടൗട്ട് നാടകത്തില്‍ ബ്രസീലിനോട് തോറ്റ് മാള്‍ഡീനിയും കൂട്ടരും ആരാധകര്‍ക്ക് കണ്ണീര് സമ്മാനിച്ചു. നിശ്ചിത സമയത്തും അധിക നേരത്തും റൊമാരിയോയും ബൊബറ്റോയും ഉള്‍പ്പെട്ട അതിപ്രഹരശേഷിയുള്ള ബ്രസീലിയന്‍ മുന്നേറ്റ നിരയ്ക്കു കൂച്ചുവിലങ്ങിടുന്നതില്‍ മാള്‍ഡീനി വഹിച്ച പങ്ക് നിസ്തുലമായിരുന്നു. അത്തവണത്തെ ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ മാള്‍ഡീനിയും ഇടംനേടി. 1962 ലോകകപ്പില്‍ മാള്‍ഡീനിയുടെ പിതാവ് സെസാര്‍ മാള്‍ഡീനിയും സമാനനേട്ടം കൈവരിച്ചിരുന്നു എന്ന വസ്തുതയും അപൂര്‍വതകളുടെ ചെപ്പില്‍ ചെന്നു വീണു. 1998ല്‍ ഫ്രാന്‍സ് അതിഥേയത്വം വഹിച്ച ലോകകപ്പില്‍ ക്വാര്‍ട്ടറിലും 2002ല്‍ പ്രീ -ക്വാര്‍ട്ടറിലും ഇറ്റലി പുറത്തേക്കു വഴിതേടി. അതോടെ ലോകകപ്പ് ജയിക്കാത്ത മഹനീയ താരങ്ങളുടെ പട്ടികയില്‍ മാള്‍ഡീനിയുടെ പേരും എഴുതപ്പെട്ടു.
















