ലണ്ടന്‍: ടോട്ടനം വലയില്‍ ഗോളുകള്‍ നിറച്ച് മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്സണലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ബുധനാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സിറ്റി ടോട്ടനത്തെ തകര്‍ത്തത്. സെര്‍ജിയോ അഗ്യൂറോ, യായാ ടൂറോ, എഡിന് സെക്കോ, ജോവെറ്റിക്, കോംപാനി എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. 49-ാം മിനിറ്റില്‍ ടോട്ടനത്തിന്റെ ഡാനി റോസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.
മറ്റൊരു മത്സരത്തില്‍ കരുത്തരായ ചെല്‍സിയെ വെസ്താം ഗോള്‍രഹിത സമനിലയില്‍ തളച്ചു. 23 മത്സരങ്ങളില്‍ നിന്ന് സിറ്റിക്ക് 53 ഉം ആഴ്സണലിന് 52 ഉം പോയിന്റാണുള്ളത്. ചെല്‍സി 49 പോയിന്റുമായി മൂന്നാം സ്ഥാനത്തുതന്നെയാണ്. 18 പോയിന്റുള്ള വെസ്താം ഇപ്പോള്‍ പത്തൊന്‍പതാം സ്ഥാനത്താണ്. കാര്‍ഡിഫ് സിറ്റി മാത്രമാണ് അവരുടെ പിറകില്‍.
മത്സരത്തിലുടനീളം സര്‍വാധിപത്യം പുലര്‍ത്തിയ മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനത്തിന് ഒരു അവസരവും നല്‍കാതെയാണ് ഗംഭീര വിജയം ആഘോഷിച്ചത്. അഞ്ച്, പത്ത് മിനിറ്റുകളില്‍ എഡിന് സെക്കോ അവസരം നഷ്ടപ്പെടുത്തിയശേഷം 15-ാം മിനിറ്റിലാണ് സിറ്റി മത്സരത്തിലെ ആദ്യഗോള്‍ നേടിയത്. ഏറെക്കുറെ അസാധ്യമായ ആംഗിളില്‍ നിന്ന് സെര്‍ജിയോ അഗ്യൂറോയാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ അഗ്യൂറോ 50 ഗോളുകള്‍ തികച്ചു. 81 മത്സരങ്ങളില്‍ നിന്നാണ് അഗ്യൂറോയുടെ ഈ നേട്ടം. ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് അഗ്യൂറോ. ആദ്യപകുതിയില്‍ പിന്നീട് ലീഡ് ഉയര്‍ത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കഴിഞ്ഞില്ല.
പിന്നീട് 51-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സിറ്റി ലീഡ് ഉയര്‍ത്തി. പെനാല്‍റ്റി ബോക്സിനുള്ളില്‍ വെച്ച് സിറ്റിയുടെ എഡിന് സെക്കോയെ ഡാനി റോസ് വീഴ്ത്തിയതിനാണ് സ്പോട്ട് കിക്ക് അനുവദിച്ചത്. ഈ ഫൗളിന് റോസിന് ചുവപ്പുകാര്‍ഡ് ലഭിക്കുകയും ചെയ്തു. കിക്കെടുത്ത യായാ ടൂറേ ടോട്ടനം ഗോളിക്ക് ഒരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു (2-0). രണ്ട് മിനിറ്റിനുശേഷം സിറ്റി വീണ്ടും ലീഡ് ഉയര്‍ത്തി. പാബ്ലോ സബലേറ്റയുടെ പാസില്‍ നിന്ന് ഡേവിഡ് സില്‍വ ഉതിര്‍ത്ത ഷോട്ട് പോസ്റ്റില്‍ത്തട്ടി മടങ്ങിയെങ്കിലും റീബൗണ്ട് പന്ത് എഡിന് സെക്കോ അനായാസം വലയിലെത്തിച്ചു. 59-ാം മിനിറ്റില്‍ ടോട്ടനം ഒരു ഗോള്‍ മടക്കി. കോര്‍ണറില്‍ നിന്ന് വന്ന പന്ത് എന്റിനി കപോയാണ് വലയിലെത്തിച്ചത്. പിന്നീട് 78-ാം മിനിറ്റില്‍ സിറ്റി നാലാം ഗോള്‍ നേടി.
ഫെര്‍ണാണ്ടീഞ്ഞോയുടെ പാസില്‍ നിന്ന് സ്റ്റീഫന്‍ ജോവെറ്റിക് ഉതിര്‍ത്ത വലംകാലന്‍ ഷോട്ടാണ് ടോട്ടനം വലയില്‍ കയറിയത്. പിന്നീട് 89-ാം മിനിറ്റില്‍ സിറ്റി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ജീസസ് നവാസിന്റെ പാസില്‍ നിന്ന് എഡിന് സെക്കോ വലംകാലുകൊണ്ട് ഉതിര്‍ത്ത ഷോട്ട് ടോട്ടനം താരം ബ്ലോക്ക് ചെയ്തെങ്കിലും പന്ത് കിട്ടിയ കോംപാനി ലക്ഷ്യംതെറ്റാതെ പന്ത് വലയിലെത്തിച്ചു.
മറ്റു മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ല മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് വെസ്റ്റ്ബ്രോംവിച്ചിനെയും സണ്ടര്‍ലാന്റ് ആഡം ജോണ്സണ് നേടിയ ഏക ഗോളിന് സ്റ്റോക്ക് സിറ്റിയെയും കീഴടക്കി. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമാണ് ആസ്റ്റണ്‍വില്ല മികച്ച വിജയം കരസ്ഥമാക്കിയത്.
വില്ലയ്ക്കുവേണ്ടി വെയ്മാന്‍, ബകുന, ഡെല്‍ഫ്, ബെന്റ്റകെ എന്നിവരും വെസ്റ്റ്ബ്രോംവിച്ചിനുവേണ്ടി ബ്രണ്ടും മുലുംബുവും ലക്ഷ്യം കണ്ടു. ഒരു ഗോള്‍ ഡെല്‍ഫിന്റെ സെല്‍ഫ് ഗോളാണ്.
















