ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ആഴ്സണലിനെ സതാമ്പ്ടണ് സമനിലയില്‍ പിടിച്ചുകെട്ടി. ചൊവ്വാഴ്ച രാത്രി നടന്നപോരാട്ടത്തില്‍ 2-2നാണ് സതാമ്പ്ടണ് ഗണ്ണേഴ്സിനെ സമനിലയില്‍ തളച്ചത്. മറ്റ് മത്സരങ്ങളില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിജയം സ്വന്തമാക്കി.
ഗണ്ണേഴ്സിനെതിരായ പോരാട്ടത്തില്‍ 21-ാം മിനിറ്റില്‍ ഫോണ്ടെയിലൂടെ സൗത്താമ്പ്ടനാണ് ആദ്യം ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ഈ ഒരു ഗോളിന് അവര്‍ മുന്നിട്ടുനിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ നാല് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ആഴ്സണല്‍ ശക്തമായ തിരിച്ചുവരവ് നടത്തി. 48-ാം മിനിറ്റില്‍ ഒളിവര്‍ ഗിറൗഡും 52-ാം മിനിറ്റില്‍ സാന്റി കാസറോളയും നേടിയ ഗോളുകള്ക്കാണ്ആഴ്സണല് ലീഡ് നേടിയത്. എന്നാല്‍ രണ്ട് മിനിറ്റിനുശേഷം ലല്ലാനയിലൂടെ സൗതാമ്പ്ടണ് സമനില നേടി. 80-ാം മിനിറ്റില്‍ ആഴ്സണലിന്റെ ഫ്ലാമിനി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം 10 പേരുമായാണ് ആഴ്സണല്‍ ബാക്കി സമയം കളിച്ചത്.
അതേസമയം മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തി. പരിക്കുകാരണം 11 മത്സരങ്ങള്വിട്ടുനിന്ന സൂപ്പര്‍താരം റോബിന് വാന്‍ പെഴ്സി കളിക്കളത്തില്‍ തിരിച്ചെത്തിയ മത്സരത്തില്‍ കാര്‍ഡിഫിനെ 2-0നാണ് യുണൈറ്റഡ് തകര്‍ത്തത്. വാന്‍ പെഴ്സിയും ആഷ്ലി യംഗുമാണ് യുണൈറ്റഡിന്റെ ഗോളുകള്‍ നേടിയത്. കഴിഞ്ഞ ദിവസം ചെല്‍സിയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് ഓള് ട്രഫോര്ഡിലെത്തിയ ജുവന് മാട്ട യുണൈറ്റഡിനായി ആദ്യ മത്സരത്തില്‍ ബൂട്ടുകെട്ടി. ആറാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ് വാന്‍പെഴ്സി ഇടവേളക്കുശേഷമുള്ള മടങ്ങിവരവ് ഉജ്ജ്വലമാക്കിയത്. ആഷ്ലി യംഗിന്റെ ക്രോസ് ലൂയിസ് അന്റോണിയോ പോസ്റ്റിലേക്ക് തിരിച്ചുവിട്ടത് ക്രോസ് ബാറില്‍ത്തട്ടി തെറിച്ചു. റീ ബൗണ്ട് പന്ത് വാന്‍പെഴ്സി മറ്റൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. പിന്നീട് 59-ാം മിനിറ്റില്‍ യുണൈറ്റഡ് വീണ്ടും ഗോള്‍ നേടി. ജുവാന്‍ മാട്ടയുടെ പാസില്‍ നിന്ന് ആഷ്ലി യംഗ് ബോക്സിന് പുറത്തുനിന്ന് ഉതിര്‍ത്ത വലംകാലന്‍ ഷോട്ടാണ് കാര്‍ഡിഫ് ഗോളി മാര്ഷലിനെനിഷ്പ്രഭനാക്കി വലയില്‍ കയറിയത്.
ഡാനിയേല്‍ സ്റ്ററിഡ്ജിന്റെ ഇരട്ടഗോളുകളുടെകരുത്തിലാണ് ലിവര്‍പൂള്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ എവര്‍ട്ടനെ തകര്‍ത്തുവിട്ടത്. ജെറാഡും സുവാരസുമാണ് മറ്റു ഗോളുകള്‍ നേടിയത്. പകുതി സമയത്ത് ലിവര്‍പൂള്‍ മൂന്ന് ഗോള്‍ ലീഡ് നേടിയിരുന്നു. 21-ാം മിനിറ്റില്‍ സ്റ്റീഫന്‍ ജെറാര്ഡിലൂടെയാണ് ലിവര്‍പൂള്‍ ലീഡ് നേടിയത്. പിന്നീട് 33, 35 മിനിറ്റുകളില്‍ സ്റ്ററിഡ്ജും വല കുലുക്കിയതോടെ ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ 3-0ന് മുന്നിലെത്തി. പിന്നീട് 50-ാം മിനിറ്റില്‍ അവരുടെ സൂപ്പര്‍ സ്ട്രൈക്കര്‍ ലൂയി സുവാരസും ലക്ഷ്യം കണ്ടതോടെ ലിവര്‍പൂളിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
മറ്റ് മത്സരങ്ങളില്‍ സ്വാന്‍സി 2-0ന് ഫുള്‍ഹാമിനെയും ക്രിസ്റ്റല്‍ പാലസ് 1-0ന് ഹള്‍ സിറ്റിയെയും പരാജയപ്പെടുത്തിയപ്പോള്‍ നോര്‍വിച്ച്-ന്യൂകാസില്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
23 മത്സരങ്ങള്‍ കളിച്ച ആഴ്സണല്‍ 52 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. അവരേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിയും (50 പോയിന്റ്) ചെല്‍സിയുമാണ് (49 പോയിന്റ്) രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 23 കളികില്‍ നിന്ന് 46 പോയിന്റുള്ള ലിവര്‍പൂള്‍ നാലാം സ്ഥാനത്ത് തുടരുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 23 മത്സരങ്ങളില്‍ 42പോയിന്റുമായി ഏഴാം സ്ഥാനത്തും തുടരുന്നു.
















