ചെന്നൈ: ആന്ധ്രാപ്രദേശിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രതീക്ഷ നിലനിര്‍ത്തി. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം ആന്ധ്രാപ്രദേശിനെ കീഴടക്കിയത്. ഉസ്മാന് രണ്ടും കണ്ണന് ഒരു ഗോളും നേടി. സയ്യദ് ഖലീലാണ് ആന്ധ്രയുടെ ആശ്വാസഗോള്‍ നേടിയത്. ഈ ജയത്തോടെ കേരളം ഫൈനല്‍ റൗണ്ട് സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്. അടുത്ത മത്സരത്തില്‍ ഫെബ്രുവരി ഒന്നിന് കേരളം ദുര്‍ബലരായ ആന്‍ഡമാന്‍ നിക്കോബാറിനെയും മൂന്നിന് നടക്കുന്ന അവസാന മത്സരത്തില്‍ കര്‍ണാടകയെയും നേരിടും.
കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ തമിഴ്നാടിന് മുന്നില്‍ 1-ഠന് മുട്ടുമടക്കിയ കേരളമായിരുന്നില്ല ആന്ധ്രക്കെതിരായ ഇന്നലത്തെ പോരാട്ടത്തില്‍. തുടക്കം മുതല്‍ കേരളതാരങ്ങള്‍ കളത്തില്‍ മിന്നുന്ന പ്രകടനം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഒടുവില്‍ മുപ്പത്തിയഞ്ചാം മിനിറ്റിലാണ് കേരളത്തിന്റെയും മത്സരത്തിലെയും ആദ്യ ഗോള്‍ വന്നത്. ജിപ്സന് നല്കിയ ഒന്നാന്തരം ക്രോസ് പിഴവ് കൂടാതെ ഉസ്മാന് വലയിലെത്തിച്ചു. സ്കോര്‍ 1-0. ഒന്നാം പകുതി അവസാനിക്കുവരെ കേരളത്തിന് ലീഡുയര്‍ത്താനായില്ല. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഏജീസ് താരം കണ്ണന് കേരളത്തിന്റെ ലീഡുയര്‍ത്തി.
സ്കോര്‍ 2-0. നിമിഷങ്ങള്‍ക്കകം ഖലീല്‍ ആന്ധ്രക്കുവേണ്ടി ഗോള്‍ മടക്കി. സ്കോര്‍ 2-1. ഒരു ഗോള്‍ വീണതോടെ അപകടം മണത്ത കേരളം പ്രതിരോധം ശക്തിപ്പെടുത്തി. ഇടയ്ക്ക് ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ കേരളതാരങ്ങള്‍ നടത്തിയെങ്കിലും ലീഡുയര്‍ത്താന്‍ കേരളത്തിന് പെട്ടെന്ന് സാധിച്ചില്ല. ഒടുവില്‍ 70-ാം മിനിറ്റില്‍ ഉസ്മാന് കേരളത്തിന്റെ ലീഡുയര്‍ത്തി. ഒപ്പം വിജയവും വിലപ്പെട്ട മൂന്നു പോയിന്റും കേരളം സ്വന്തമാക്കി.
ദക്ഷിണമേഖലാ ഗ്രൂപ്പില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ കര്‍ണാടകം എതിരില്ലാത്ത 12 ഗോളുകള്‍ക്ക് ആന്‍ഡമാനെ തകര്‍ത്തു. ആദ്യ മത്സരത്തില്‍ ആന്ധ്രയോട് 5-0ന് പരാജയപ്പെട്ട ആന്‍ഡമാന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.
















