മെല്‍ബണ്‍: ലോക ടെന്നീസ് എന്നാല്‍ ഇനി റോജര്‍ ഫെഡററും റാഫേല്‍ നദാലും നൊവാക് ദ്യോക്കോവിച്ചും ആന്‍ഡി മുറെയും മാത്രമല്ല. ആ തട്ടകത്തില്‍ സ്വിറ്റ്സര്‍ലാന്റില്‍ നിന്നുള്ള സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും അവകാശം സ്ഥാപിച്ചുകഴിഞ്ഞു. സമകാലിക ടെന്നീസിന്റെ ശക്തി സംതുലനം മാറ്റിക്കുറിച്ച് ഓസ്ട്രേലിയന്‍ ഓപ്പണില്‍ വാവ്‌റിങ്ക കിരീടം ചൂടി. റാക്കറ്റിനാല്‍ വാവ്‌റിങ്ക തീര്‍ത്ത വിപ്ലവത്തില്‍ തകര്‍ന്നുവീണത് സ്പാനിഷ് അതികായന്‍ നദാലിന്റെ പതിനാലാം ഗ്രാന്‍ഡ് സ്ലാം സ്വപ്നവും. ഏറെക്കുറെ ഏകപക്ഷീയമായ ഫൈനലില്‍ 6-3, 6-2, 3-6, 6-3നായിരുന്നു ലോക ഒന്നാം നമ്പറിനുമേല്‍ വാവ്‌റിങ്കയുടെ ജയം. വാവ്‌റിങ്കയുടെ കന്നി ഗ്രാന്‍ഡ് സ്ലാം ട്രോഫിയാണിത്. സ്വിസ് ടെന്നീസ് വിഹായസിലെ ഏക താരം ഫെഡററാണെ വാക്യവും ഇനി മുതല്‍ മാറ്റിപ്പറയാം.
പുറം വേദനയില്‍ വലഞ്ഞ റാഫയ്‌ക്കു ഉശിരന്‍ ഫോമിലുള്ള വാവ്‌റിങ്കയ്‌ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. മുന്‍പു 12 തവണ താന്‍ തോല്‍പ്പിച്ച വാവ്‌റിങ്കയുടെ പുതിയ മുഖം നദാല്‍ മെല്‍ബണില്‍ ദര്‍ശിക്കുകയായിരുന്നു. കളിയുടെ തുടക്കത്തില്‍ നദാലിന്റെ മിന്നല്‍ വേഗത്തിലുള്ള ഫോര്‍ഹാന്‍ഡുകള്‍ക്ക് ഉരുളയ്‌ക്ക് ഉപ്പേരിയെന്നപോലെ ബാക്ക് ഹാന്‍ഡുകളിലൂടെ വാവ്‌റിങ്ക ഉത്തരം നല്‍കി. 12 വിന്നറുകള്‍ പറത്തിയ സ്വിസ് സ്റ്റാര്‍ ആദ്യ സെറ്റ് അനായാസം കൈപ്പിടിയില്‍ ഒതുക്കി. മൂന്ന് ഉശിരന്‍ ഫോര്‍ ഹാന്‍ഡുകള്‍ രണ്ടാം സെറ്റില്‍ വാവ്‌റിങ്കയ്‌ക്കു 2-0ത്തിന്റെ ലീഡ് സമ്മാനിച്ചു. പിന്നാലെ വേദനകൊണ്ട് പുളഞ്ഞ നദാല്‍ ചികിത്സയ്‌ക്കായി കോര്‍ട്ട് വിട്ടു. അധികം താമസിയാതെ തിരിച്ചുവന്നെങ്കിലും റാഫ അസ്വസ്ഥനായിരുന്നു. അഞ്ചാം ഗെയിമില്‍ ഫിസിയോ റാഫയെത്തേടി കോര്‍ട്ടിലേക്ക് ഇറങ്ങി. കളി തുടര്‍ന്ന നദാല്‍ രണ്ടാം സെറ്റും വാവ്‌റിങ്കയ്‌ക്കു അടിയറവുവച്ചു. അതോടെ നദാല്‍ പിന്‍മാറുമെന്ന് ഏവരും കരുതി. എന്നാല്‍ ആ സ്പാനിഷ് ചാമ്പ്യന്റെ പോരാട്ട വീര്യം ഗ്യാലറിയെ അതിശയിപ്പിച്ചു. വേദനാ സംഹാരികള്‍ വാരിവിഴുങ്ങിയ നദാല്‍ മൂന്നാം സെറ്റ് കളിക്കാന്‍ റാക്കറ്റ് ചുഴറ്റി. അത് നിഷ്ഫലമായില്ല. കോര്‍ട്ടില്‍ ഒഴുക്കോടെ നീങ്ങാന്‍ പാടുപെട്ടെങ്കിലും സര്‍വിന്റെ വേഗതകൂട്ടി നദാല്‍ താളം കൈവിടാതെ സൂക്ഷിച്ചു. വാവ്‌റിങ്കയുടെ 19 അനാവശ്യ പിഴവുകളും ചേര്‍ന്നപ്പോള്‍ മൂന്നാം സെറ്റ് നദാലിന്റെ വരുതിക്കു നിന്നു. സുപ്രധാന നാലാം സെറ്റില്‍ നദാലിന്റെ മൂന്നാം ഗെയിം വാവ്‌റിങ്ക തട്ടിയെടുത്തു. ഉടനടി തിരിച്ചു ബ്രേക്ക് ചെയ്ത നദാല്‍ നില മെച്ചപ്പെടുത്തി (4-3). പക്ഷേ ഒരു തവണകൂടി നദാലിന്റെ ഗെയിം ഭേദിച്ച വാവ്‌റിങ്ക ഐതിഹാസിക നേട്ടത്തിലേക്ക് സര്‍വ് തൊടുത്തു. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ റുമാനിയയുടെ ഹോറിയ തക്കാവു സഖ്യം ഫൈനലില്‍ തോല്‍വി രുചിച്ചു. സാനിയയെയും കൂട്ടുകാരനെയും അതിജീവിച്ച് ക്രിസ്റ്റീന മ്ലാഡനോവിച്ചും ഡാനിയേല്‍ നെസ്റ്ററും ചേര്‍ന്ന ഫ്രഞ്ച്- കനേഡിയന്‍ ജോടികളാണ് ജേതാക്കളായത് (6-3, 6-2).
















