ഹാമില്ട്ടണ്: ന്യൂസിലാന്റിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഹാമില്ട്ടണ് കളിക്കളം. രാവിലെ 6.30ന് തുടങ്ങുന്ന കളി സോണി സിക്സില് തത്സമയം കാണാം. 2-0ത്തിന് പിന്നിലായ ധോണിപ്പടയ്ക്ക് ഇന്നത്തേത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. ജയിച്ചാല്‍ കിവികള്‍ക്ക് പരമ്പര സ്വന്തമാവും.
കഴിഞ്ഞ കളിയില്‍ ആവേശകരമായ ടൈ ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. മധ്യനിര മെച്ചെപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയിട്ടുണ്ട്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും നല്ല തുടക്കം നല്കാന് വിമുഖരാണെന്നതാണ് ഇന്ത്യയുടെ പ്രധാന പ്രശ്നം. വിരാട് കോഹ്ലി മൂന്നാം ഏകദിനത്തില്‍ തിളങ്ങിയിരുന്നില്ല. എങ്കിലും ബിഗ് മാച്ചുകളില്‍ കോഹ്ലി നിരാശപ്പെടുത്താറില്ല. ആ ശൈലി കോഹ്ലി തുടര്‍ന്നാല്‍ ഇന്ത്യയ്ക്കു മികച്ച സ്കോര്‍ ലഭിക്കും.
ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ മാത്രമേ സ്ഥിരതകാട്ടുന്നുള്ളു. ആര്. അശ്വിനും രവീന്ദ്ര ജഡേജയുമടക്കമുള്ള സ്ലോബൗളര്മാര് നിലവാരത്തിലേക്ക് ഉയരേണ്ടതും ഇന്ത്യയുടെ വിജയത്തിന് അനിവാര്യം.
മാര്ട്ടിന് ഗുപ്റ്റില്‍ ഫോമില്‍ തിരിച്ചെത്തിയത് ന്യൂസിലാന്റിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. കോറി ആന്‍ഡേഴ്സനും ലൂക്ക് റോഞ്ചിയും വെടിക്കെട്ട് തുടര്‍ന്നാല്‍ ഇന്ത്യ വിയര്‍ക്കും.
ഓക്ലാന്റില് കിവി ബൗളര്‍മാര്‍ നല്ല തല്ലുകൊണ്ടിരുന്നു. അതിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയാലെ ആതിഥേര്‍ക്ക് മത്സരം ജയിക്കാന്‍ സാധിക്കൂ. അതല്ലെങ്കില്‍ ഇന്ത്യ നല്കുന്ന തിരിച്ചടി സഹിക്കേണ്ടിവരും.
















