മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താര സ്പെയിനിന്റെ റാഫേല്‍ നദാല്‍ പ്രവേശിച്ചു. സെമിഫൈനലില്‍ സ്വിസ് ടെന്നീസ് ഇതിഹാസം റോജറര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് നദാല്‍ ഫൈനലിലേക്ക് കുതിച്ചത്. എട്ടാം സീഡും സ്പാനിഷ് താരവുമായ സ്റ്റാനിസ്ലാവ് വാവ്‌റിങ്കയാണ് ഫൈനലില്‍ നദാലിന്റെ എതിരാളി.
ലോക ടെന്നീസിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക ഒന്നാം നമ്പര്‍ നദാല്‍ ടെന്നീസ് ലോകം കണ്ട ഏക്കാലത്തെയും മികച്ച താരമായ റോജര്‍ ഫെഡററെ പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂറും 24 മനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 7-6 (6-4), 6-3, 6-3 എന്ന സ്കോറിനാണ് 2009ലെ ചാമ്പ്യനായ നദാല്‍ ഫെഡറെ തകര്‍ത്തത്. ആദ്യ സെറ്റില്‍ മാത്രമാണ് ഫെഡറര്‍ക്ക് നദാലിന്റെ കരുത്തിനെ വെല്ലുവിളിക്കാന്‍ കഴിഞ്ഞത്. ആദ്യ സെറ്റ് ടൈബ്രേക്കറിലാണ് നദാല്‍ വിജയിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ ഫെഡറര്‍ക്ക് കാര്യമായി പൊരുതാന്‍ പോലും അവസരം നല്‍കാതെയാണ്‍നദാല്‍ മത്സരം കൈപ്പിടിയിലൊതുക്കിയത്. ജോ വില്‍ഫ്രഡ് സോംഗയെയും ആന്‍ഡി മുറെയെയും കീഴടക്കി സെമിയില്‍ പ്രവേശിച്ച ഫെഡറര്‍ക്ക് നദാലിനെ ആ മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. നദാലിന്റെ മൂന്നാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലാണിത്. 2012-ലും നദാല്‍ ഇവിടെ ഫൈനലില്‍ കളിച്ചിരുന്നു. ലോക രണ്ടാം നമ്പര്‍ നൊവാക് ഡോക്കോവിച്ചിനെയും മൂന്നാം നമ്പര്‍ ഡേവിഡ് ഫെററെയും സെമിഫൈനലില്‍ ഏഴാം സീഡ് ബര്‍ഡിച്ചിനെയും തകര്‍ത്താണ് സ്റ്റാനിസ്ലാവ് വാവ്‌റിങ്ക തന്റെ ആദ്യ ഗ്രാന്റ് സ്ലാം ഫൈനലിന് യോഗ്യത നേടിയത്.
അതേസമയം വനിതാ ഡബിള്‍സ് കിരീടം ഒന്നാം സീഡ് ഓസ്ട്രേലിയന്‍ ജോഡികളായ സാറാ ഇറാനി-റോബര്‍ട്ട വിന്‍സി സഖ്യം സ്വന്തമാക്കി. ഫൈനലില്‍ മൂന്നാം സീഡും റഷ്യന്‍ ജോഡികളുമായ ഏകത്‌റീന മകരോവ-എലേന വെസ്നിന സഖ്യത്തെ മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ഓസീസ് സഖ്യം കിരീടം ചൂടിയത്. രണ്ട് മണിക്കൂറും ആറ് മിനിറ്റു നീണ്ട പോരാട്ടത്തിനൊടുവില്‍ 6-4, 3-6, 7-5 എന്ന സ്കോറിനായിരുന്നു ഒന്നാം സീഡുകളുടെ വിജയം.
മികിസ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-ഹൊറിയ ടെക്കാവു സഖ്യം ഫൈനലില്‍ കടന്നു. ഓസ്ട്രേലിയയുടെ മാത്യൂ എബ്ഡന്‍- ജാര്‍മില ഗജ്ഡസോവ സഖ്യത്തെയാണ് ഇന്തോ-റൊമാനിയന്‍ സഖ്യം തോല്‍പ്പിച്ചത്. സ്കോര്‍ 2-6, 6-3, 10-2.
ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷം സാനിയ സഖ്യം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. ഒരു മണിക്കൂര്‍ 13 മിനിറ്റ് നീണ്ട ശക്തമായ പോരാട്ടത്തിലൂടെയാണ് ഇന്തോ-റൊമാനിയന്‍ സഖ്യം കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. 2009-ല്‍ മഹേഷ് ഭൂപതി-സാനിയ സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയിരുന്നു.
ഇന്ന് നടക്കുന്ന വനിതാ വിഭാഗം ഫൈനലില്‍നാലാം സീഡ് ചൈനയുടെ നാ ലി സ്ലൊവാക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവയുമായി ഏറ്റുമുട്ടും.
















