പെര്‍ത്ത്: തുടര്‍ച്ചയായ പരാജയങ്ങളില്‍പ്പെട്ട് നട്ടംതിരിഞ്ഞ ഇംഗ്ലണ്ടിന് ഒടുവില്‍ ആശ്വാസകരമായി ഒരു വിജയം. ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തിലാണ് വിജയം ഇംഗ്ലണ്ടിനെ കടാക്ഷിച്ചത്. 57 റണ്‍സിനാണ് ഇംഗ്ലണ്ട് കംഗാരുക്കളെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 47.4 ഓവറില്‍ 259 റണ്‍സിന് ഓള്‍ഔട്ടായി. 108 റണ്‍സുമായി ഒറ്റക്ക് പൊരുതിയ ആരോണ്‍ ഫിഞ്ച് മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ മികച്ച പ്രകടന നടത്തിത്. 70 റണ്‍സെടുക്കുകയും നാല് ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ വീഴ്‌ത്തുകയും ചെയ്ത ബെന്‍ സ്റ്റോക്കാണ് മാന്‍ ഓഫ് ദി മാച്ച്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്നെണ്ണത്തിലും ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. അലിസ്റ്റര്‍ കുക്കും ഇയാന്‍ ബെല്ലും ചേര്‍ന്ന് കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച തുടക്കം ടീമിന് നല്‍കി. സ്കോര്‍ 87 റണ്‍സിലെത്തിയപ്പോള്‍ 44 റണ്‍സെടുത്ത കുക്കിനെ പുറത്താക്കി മാക്സ്‌വെല്ലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. സ്കോര്‍ 138-ല്‍ എത്തിയപ്പോള്‍ 55 റണ്‍സെടുത്ത ഇയാന്‍ ബെല്ലിനെ ക്രിസ്റ്റ്യന്‍ മടക്കി. പിന്നീട് സ്റ്റോക്കും ബല്ലാന്‍സും ചേര്‍ന്ന് സ്കോര്‍ 190-ല്‍ എത്തിച്ചു. എന്നാല്‍ 18 റണ്‍സെടുത്ത ബല്ലാന്‍സിനെ പുറത്താക്കി പാറ്റിന്‍സണ്‍ ഈ കൂട്ടുകെട്ട് പിരിച്ചു. സ്കോര്‍ 206-ല്‍ എത്തിയപ്പോള്‍ 70 റണ്‍സെടുത്ത സ്റ്റോക്കും മടങ്ങി.
പിന്നീടെത്തിയവരില്‍ 71 റണ്‍സെടുത്ത ബട്ട്ലറും 33 റണ്‍സെടുത്ത മോര്‍ഗനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഓസ്ട്രേലിയക്ക് വേണ്ടി ഫോക്നര്‍ നാലുവിക്കറ്റുകള്‍ വീഴ്‌ത്തി.
317 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസീസ് നിരയില്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് മാത്രമാണ് ഉജ്ജ്വല പ്രകടനം നടത്തിയത്. മാക്സ്‌വെല്‍ 25ഉം വെയ്ഡും ക്രിസ്റ്റ്യനും 23 റണ്‍സ് വിതവും നേടി. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റോക്ക് 38 റണ്‍സിന് നാലും ബ്രസ്നന്‍ 45 റണ്‍സിന് മൂന്നും സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
















