മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗത്തില്‍ ക്ലാസിക്ക് പോരാട്ടത്തിന് അരങ്ങൊരുങ്ങി. സെമിയില്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിന്റെ റാഫേല്‍ നദാലും സ്വിറ്റ്‌സര്‍ലാന്റ് ഇതിഹാസം റോജര്‍ ഫെഡററും അങ്കംവെട്ടും. ക്വാര്‍ട്ടറില്‍ നദാല്‍ ബള്‍ഗേറിയന്‍ യുവ പ്രതിഭ ഗ്രിഗോര്‍ ദിമിത്രോവിനെയും (3-6, 7-6, 7-6, 6-2) ഫെഡറര്‍ ബ്രീട്ടിഷ് സ്റ്റാര്‍ ആന്‍ഡി മുറെയെയും അതിജീവിച്ചു (6-3, 6-4, 6-7, 6-3). തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ അവസാന നാലില്‍ ഇടംപിടിക്കുന്നത്.
ദിമിത്രോവിനെതിരെ അല്‍പ്പം വിയര്‍ത്തശേഷമായിരുന്നു നദാലിന്റെ ജയം. ഊര്‍ജസ്വലതയോടെ റാക്കറ്റ് വീശിയ ദിമിത്രോവ് നദാലിനെ വെള്ളംകുടിപ്പിച്ചു. സര്‍വീസില്‍ കൃത്യത പുലര്‍ത്താന്‍ പലപ്പോഴും റാഫയ്‌ക്ക് സാധിച്ചില്ല. നിര്‍ണായക നിമിഷങ്ങളില്‍ ഭാഗ്യദേവത ഒപ്പം നിന്നതും പരിചയസമ്പത്തിന്റെ മുന്‍തൂക്കവും അന്തിമ ഫലം നദാലിന് അനുകൂലമാക്കി. ആദ്യ സെറ്റില്‍ തുടക്കത്തില്‍ തന്നെ നദാലിന്റെ സര്‍വ് ബ്രേക്ക് ചെയ്ത ദിമിത്രോവ് പിന്നീട് കടിഞ്ഞാണ്‍ കൈവിട്ടില്ല. ടൈബ്രേക്കിലേക്കു നീണ്ട അടുത്ത രണ്ടു സെറ്റുകളും നദാലിനൊപ്പം നിന്നു. നാലാം സെറ്റില്‍ ഫോമിന്റെ പാരമ്യതയിലെത്തിയ നദാല്‍ ദിമിത്രോവിന് മടക്ക ടിക്കറ്റ് നല്‍കി.
പ്രായത്തെ വെല്ലുന്ന പ്രതിഭാസ്പര്‍ശം കാട്ടിയ ഫെഡറര്‍ മുറെയെ നിരായുധനാക്കിക്കളഞ്ഞു. ആദ്യ രണ്ടു സെറ്റുകളും സ്വിസ് മാസ്റ്റര്‍ നിഷ്പ്രയാസം പോക്കറ്റിലാക്കി. നിലനില്‍പ്പിനായി മല്ലിട്ട മുറെ മാച്ചുപോയിന്റുകളെ മറികടന്ന് മൂന്നാം സെറ്റ് കൈപ്പിടിയിലൊതുക്കി. എങ്കിലും അടുത്ത സെറ്റ് അടിയറവുവച്ച മുറെ ഫെഡററെ വണങ്ങി മടങ്ങി.
വനിതകളില്‍ അപ്രതീക്ഷിത ഫലങ്ങള്‍ക്ക് അറുതിയുണ്ടായില്ല. നിലവിലെ ചാമ്പ്യന്‍ ബെലാറസിന്റെ വിക്‌റ്റോറിയ അസരെങ്കയെ അട്ടിമറിച്ച് അഞ്ചാം സീഡ് പോളണ്ടിന്റെ ആഗ്നിയേസ്‌ക റഡവാന്‍സ്‌ക സെമി ലൈനപ്പിന്റെ ഭാഗമായി,സ്‌കോര്‍: 6-1, 5-7, 6-0. സ്ലൊവാക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവ പോളണ്ട് താരത്തിന്റെ അടുത്ത പ്രതിയോഗി. റുമാനിയന്‍ പ്രതിനിധി സിമോണ ഹാലെപ്പിനെ വീഴ്‌ത്തി സിബുല്‍ക്കോവയുടെ മുന്നേറ്റം (6-3, 6-0).പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്- ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനക് സഖ്യത്തിന്റെ പ്രയാണം അവസാനിച്ചു. ക്വാര്‍ട്ടറില്‍ മൈക്കല്‍ ലോര്‍ദയും നിക്കോളാസ് മഹൂതും ചേര്‍ന്ന ഫ്രഞ്ച് കൂട്ടുകെട്ടിന് മുന്നിലാണ് ഇന്തോ- ചെക്ക് ടീം മുട്ടുകുത്തിയത് (6-2, 7-6).
















