മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ അട്ടിമറി തുടരുന്നു. മുന്‍ ചാമ്പ്യന്‍ സെറീന വില്യംസിന് പിന്നാലെ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവ, മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ യെലേന ജാന്‍കോവിച്ച് എന്നിവര്‍ പുറത്തേക്കു വഴിതേടി.
പരിക്കിന്റെ ആകുലതകളുമായി റാക്കറ്റ് വീശിയ ഷറപ്പോവയെ സ്ലൊവാക്യയുടെ ഡൊമിനിക്ക സിബുല് ക്കോവയാണ് പ്രീ- ക്വാര്‍ട്ടറില്‍ അട്ടിമറിച്ചത്, സ്കോര്‍: 3-6, 6-4, 6-1. റുമാനിയയുടെ സിമോണ ഹാലെപ് ജാന്‍കോവിച്ചിന്റെ വഴി മുടക്കി (6-4, 2-6, 6-0). ഇനി സിബുല്ക്കോവയും ഹാലെപ്പും നേര്‍ക്കുനേര്‍വരും. അതേസമയം, നിലവിലെ ചാമ്പ്യന്‍ ബെലാറസിന്റെ വിക്റ്റോറിയ അസെരങ്ക ക്വാര്‍ട്ടറിലേക്ക് മുന്നേറി. അമേരിക്കയുടെ ടീനേജ് താരം സൊലാനെ സ്റ്റീഫന്‍സിനെ 6-3, 6-2 എന്ന സ്കോറിനാണ് അസരെങ്ക മറികടന്നത്. സ്പെയിനിന്റെ ഗാര്‍ബൈന്‍ മുഗുറൂസയെ 6-1, 6-3ന് കീഴടക്കിയ പോളണ്ട് സ്റ്റാര്‍ ആഗ്നിയേസ്ക റഡവാന്സ്കയാണ് അസരെങ്കയുടെ അടുത്ത എതിരാളി. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍, സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, ബ്രിട്ടന്റെ ആന്‍ഡി മുറെ, ബള്‍ഗേറിയന്‍ യുവ താരം ഗ്രിഗോര്‍ ദിമിത്രോവ് തുടങ്ങിയവരെല്ലാം ക്വാര്‍ട്ടറില്‍ ഇടംനേടി. നദാല്‍ ജപ്പാന്റെ കെയ് നിഷികോരിയെ കടുത്ത പോരാട്ടത്തില്‍ അതിജീവിച്ചു (7-6, 7-5, 7-6). ഫെഡറര്‍ ഫ്രഞ്ച് സാന്നിധ്യം വില്‍ഫ്രഡ് സോങ്കയെയും (6-3, 7-5, 6-4) മുറെ മറ്റൊരു ഫ്രഞ്ച് താരം സ്റ്റെഫാനെ റോബര്‍ട്ടിനെയും നാട്ടിലേക്കു തിരിച്ചയച്ചു (6-1, 6-2, 6-7, 6-2). സ്പെയിനിന്റെ ബാറ്റിസ്റ്റ അഗൂട്ടിനുമേലായിരുന്നു ദിമിത്രോവിന്റെ ജയം (6-3, 3-6, 6-2, 6-4). വനിതാ വിഭാഗം ഡബിള്സല് ഇന്ത്യയുടെ സാനിയ മിര്‍സ- സിംബാബ്വെയുടെ ക്ലാരാ ബ്ലാക്ക് ജോടി നാലാം റൗണ്ടില്‍ കടന്നു. മിക്സഡ് ഡബിള്‍സില്‍ സാനിയ, ലിയാന്‍ഡര്‍ പേസ് ,രോഹന് ബൊപ്പണ്ണ സഖ്യങ്ങളല്ലാം പ്രയാണം തുടര്‍ന്നു. പ്രീ- ക്വാര്‍ട്ടറില്‍ മഹേഷ് ഭൂപതി- റഷ്യയുടെ എലേന വെസ്നിയ കൂട്ടുകെട്ടിനെയാണ് പേസും സ്ലൊവാക്യയുടെ ഡാനിയേല ഹച്ച്കോവയും ചേര്‍ന്ന് കെട്ടുകെട്ടിച്ചത് സ്കോര്‍, 6-0, 6-2.
















