കൊച്ചി: ഉദ്ഘാടന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബിനെ പരാജയപ്പെടുത്തി. ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷി നിര്‍ത്തി നടന്ന മത്സരം ശരാശരി നിലവാരത്തിലേക്ക് പോലും ഉയര്‍ന്നില്ല. ചര്‍ച്ചിലിനായി 19-ാം മിനിറ്റില്‍ അബ്ദള്‍ഹമീദ് ഷബാനയും 19-ാം മിനിറ്റില്‍ ബല്‍വന്ത് സിംഗും ഗോളുകള്‍ നേടിയപ്പോള്‍ യുണൈറ്റഡ് സ്പോര്‍ട്സിന്റെ ആശ്വാസഗോള്‍ നേടിയത് 44-ാം മിനിറ്റില്‍ റാന്റി മാര്‍ട്ടിനസാണ്. ആദ്യപകുതിയില്‍ ചര്‍ച്ചിലും രണ്ടാം പകുതിയില്‍ യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബുമാണ് മത്സരത്തില്‍ മുന്‍തൂക്കം നേടിയത്.
19-ാം മിനിറ്റില്‍ മൈതാന മധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്തുമായി മുന്നേറിയ യുണൈറ്റഡ് കളിക്കാരെ കബളിപ്പിച്ച് ശേഷം അബ്ദള്‍ഹമീദ് ഷബാന പായിച്ച ഷോട്ട് യുണൈറ്റഡ് ഗോളി ജയതാ പോള്‍ വീണുകിടന്ന് തടുത്തെങ്കിലും പന്ത് കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. തെന്നിമാറിയ പന്ത് വീണ്ടും പിടിച്ചെടുത്ത ഷബാന സുന്ദരമായ പ്ലേസിംഗിലൂടെ പന്ത് വലയിലെത്തിച്ചു. ഗോള്‍ നേടിയതോടെ ചര്‍ച്ചില്‍ തുടര്‍ച്ചയായി എതിര്‍ഗോള്‍ റെയ്ഡ് നടത്തി. 19-ാം മിനിറ്റില്‍ അവര്‍ ലീഡ് ഉയര്‍ത്തി. പന്തുമായി ഒറ്റയ്‌ക്ക് മുന്നേറിയ ബല്‍വന്ത് സിംഗ് നല്ലൊരു ഷോട്ടിലൂടെ യുണൈറ്റഡ് വല കുലുക്കി. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ യുണൈറ്റഡ് ആക്രമണം ശക്തമാക്കി. മധ്യനിരയില്‍ മലയാളി താരം സി.കെ. വിനീതും മുന്നേറ്റനിരയില്‍ എറിക് പി. ബ്രൗണും റാന്റി മാര്‍ട്ടിന്‍സും ഒത്തിണക്കം കാണിച്ചതോടെ ചര്‍ച്ചില്‍ പ്രതിരോധം ആടിയുലഞ്ഞു. 44-ാം മിനിറ്റില്‍ യുണൈറ്റഡ് ആദ്യഗോള്‍ മടക്കി. എറിക് പി. ബ്രൗണ്‍ തള്ളിക്കൊടുത്ത പന്ത് സ്വീകരിച്ച് സൂപ്പര്‍ സ്ട്രൈക്കര്‍ റാന്റി മാര്‍ട്ടിന്‍സാണ് ഗോള്‍ നേടിയത്.
പിന്നീട് കളിയുടെ അന്ത്യനിമിഷങ്ങളില്‍ യുണൈറ്റഡ് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ചര്‍ച്ചില്‍ പ്രതിരോധവും ഗോള്‍കീപ്പറും അവസരത്തിനൊത്തുയര്‍ന്നതോടെ സമനില നേടാമെന്ന അവരുടെ സ്വപ്നവും പൊലിഞ്ഞു.
















