ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്യാലറിയുടെ ചങ്കിടിപ്പേറ്റിയ ത്രില്ലറില്‍ ലിവര്‍പൂളിന് ജയം. ക്ലാസിക് ഫുട്ബോള്‍ മത്സരത്തിന്റെ എല്ലാ ചേരുവകളുമടങ്ങിയ മുഖാമുഖത്തില്‍ സ്റ്റോക് സിറ്റിയെ ലിവര്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് അതിജീവിച്ചു. ലൂയിസ് സുവാരസ് (2), സ്റ്റീവന്‍ ജെറാഡ്, ഡാനിയേല്‍ സ്റ്റര്‍ഡിജ് എന്നിവരുടെ സ്ട്രൈക്കുകള്‍ക്കൊപ്പം ഋയാന്‍ ഷാക്രോസിന്റെ സെല്‍ഫ് ഗോളും ചേര്‍ന്നപ്പോള്‍ ലിവര്‍ ജയം ഉറപ്പിച്ചു. പീറ്റര്‍ ക്രൗച്ചും ചാര്‍ലി ആദമും ജൊനാതന്‍ വാള്‍ട്ടേഴ്സും സ്റ്റോക്കിനുവേണ്ടി വെടിപൊട്ടിച്ചെങ്കിലും ലിവര്‍പൂളിനെ തടയാന്‍ അതുപോരായിരുന്നു. ഇതോടെ 42പോയിന്റുള്ള റെഡ്സ് നാലാം സ്ഥാനത്ത് നിലയുറപ്പിച്ചു.
സ്വന്തം കളത്തില്‍ പിഴവുകളുടെ പരമ്പര തീര്‍ത്ത സ്റ്റോക്ക് തോല്‍വി ചോദിച്ചുവാങ്ങിയെന്നു പറയാം. അഞ്ചാം മിനിറ്റില്‍ ഷാക്രോസ് സ്വന്തം വലയില്‍ പന്തെത്തിച്ച് ലിവര്‍പൂളിന് മുന്‍തൂക്കം നല്‍കി (1-0). സുവാരസിന്റെ പാതയില്‍ പന്തു ഹെഡ്ഡ് ചെയ്തു നല്‍കിയും റഹീം സ്റ്റര്‍ലിങ്ങിനെ വീഴ്‌ത്തി ലിവറിന് പെനാല്‍റ്റി സമ്മാനിച്ചുമൊക്കെ ഡിഫന്‍ഡര്‍ മാര്‍ക്ക് വില്‍സനും സ്റ്റോക്കിന്റെ മുറിവിന്റെ ആഴമേറ്റുകയും ചെയ്തു. 32-ാം മിനിറ്റിലായിരുന്നു സുവാരസിന്റെ കാല്‍ ചുവട്ടിലേക്ക് വില്‍സന്‍ പന്തു ചെത്തിയിട്ടുകൊടുത്തത്. ഷാക്രോസിനെ വെട്ടിച്ച ഉറുഗ്വൈന്‍ സ്ട്രൈക്കര്‍ അനായാസം ലക്ഷ്യം കണ്ടു (2-0). പിന്നാലെ ക്രൗച്ച് സ്റ്റോക്കിനുവേണ്ടി ഒരു ഗോള്‍ മടക്കി. 45-ാം മിനിറ്റില്‍ 20വാര അകലെ നിന്നുള്ള ഉശിരന്‍ ഷോട്ടിലൂടെ ചാര്‍ളി ആദം സ്റ്റോക്കിനെ ലിവറിന്റെ ഒപ്പമെത്തിച്ചു (2-2). രണ്ടാം പകുതിയാരംഭിച്ച് അധികം താമസിയാതെ സ്റ്റര്‍ലിങ്ങിനുമേല്‍ വില്‍സന്‍ പരുക്കന്‍ അടവു പുറത്തെടുത്തു. റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ജെറാഡ് നിരാശപ്പെടുത്തിയില്ല (3-2). പകരക്കാരനായിറങ്ങിയ സ്റ്റര്‍ഡിജിന്റെ മനോഹരമായ പിന്‍കാല്‍ പാസിന് പൂര്‍ണതയേകി സുവാരസ് ഡബിള്‍ തികച്ചപ്പോള്‍ സ്കോര്‍, 4-2. എങ്കിലും വാള്‍ട്ടറിന്റെ (85-ാ-ം മിനിറ്റ്) ഫിനിഷ് പവര്‍ സ്റ്റോക്കിന് ഇത്തിരി ആശ്വാസം പ്രദാനം ചെയ്തു (4-3).
പിന്നാലെ സ്റ്റര്‍ഡിജ് ലിവറിന്റ വിജയം ഉറപ്പിച്ച ഗോളിനും പിറവികൊടുത്തു. മറ്റൊരു മത്സരത്തില്‍ ന്യൂകാസിലിനെ 2-0ത്തിന് തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി (47) ചെല്‍സിയെ (46) പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. എഡ്വിന്‍ സെക്കോ, അല്‍വാരോ നെഗ്രഡൊ എന്നിവര്‍ സിറ്റിയുടെ സ്കോറര്‍മാര്‍.
















