ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോളിമാരിലൊരാളായിരുന്നു ഇറ്റലിയുടെ ദീനോ സോഫ്. ഏറ്റവും കൂടുതല്‍ സമയം (1142 മിനിറ്റ്) ഗോള്‍ വഴങ്ങാതെ നിന്നതടക്കം നിരവധി റെക്കോര്‍ഡുകള്‍ അദ്ദേഹം സ്വന്തം പേരിലെഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയം ലോകകപ്പില്‍ സോഫ് കുറിച്ച ഒരെണ്ണം തന്നെ. 1982ല്‍ ഇറ്റലിയെ കിരീടത്തിലേക്ക് നയിക്കുമ്പോള്‍ സോഫിന്റെ പ്രായം 40 വയസ്സ്. ലോകകപ്പ് ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന പെരുമ അങ്ങനെ സോഫിനൊപ്പം ചേര്‍ന്നു.
തഴയപ്പെടലുകളുടെയും തിരിച്ചടികളുടെയും നൊമ്പരങ്ങള്‍ ഇഴചേര്‍ന്നതാണ് സോഫിന്റെ ലോകകപ്പ് സ്മരണകള്‍. 1968ല്‍ യൂറോകപ്പ് ഉയര്‍ത്തിയ ഇറ്റാലിയന്‍ സംഘത്തില്‍ സോഫുമുണ്ടായിരുന്നു. എന്നാല്‍ 70ലെ മെക്സിക്കോ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ആ പ്രതിഭ തഴയപ്പെട്ടു. എന്‍റികൊ ആല്‍ബര്‍ട്ടോസിക്കായിരുന്നു ഇറ്റാലിയന്‍ ഗോള്‍വല കാക്കാനുള്ള നിയോഗം. അത്തവണ പെലെയുടെ ബ്രസീലിനോട് തോറ്റ് ഇറ്റലി റണ്ണേഴ്സ് അപ്പായി മടങ്ങി.
1974 ലോകകപ്പ് ടീമില്‍ സോഫിനെ ഉള്‍പ്പെടുത്താതിരിക്കാന്‍ ഇറ്റലിയിലെ ഫുട്ബോള്‍ മേലാളന്‍മാര്‍ക്ക് തരമുണ്ടായിരുന്നില്ല. എങ്കിലും പശ്ചിമ ജര്‍മ്മനി വേദിയൊരുക്കിയ ലോകകപ്പില്‍ ക്രോസ് ബാറിന് കീഴെ പെരുമയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സോഫിനു സാധിച്ചില്ല. ഫലം, ആദ്യ റൗണ്ടില്‍ തോറ്റ് ഇറ്റലി നാട്ടിലേക്കു വണ്ടികയറി. ഗോള്‍ വഴങ്ങാതെയുള്ള സോഫിന്റെ മുന്നേറ്റത്തിന് ഹെയ്തി അവസാനം കുറിച്ചതും ആ ലോകകപ്പില്‍ തന്നെ. 78ല്‍ സോഫിന്റെ ഇറ്റലി ജേതാക്കളാകുമെന്ന് ഭൂരിഭാഗം പേരും വിലയിരുത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ മറിച്ചിട്ട ഇറ്റലി എതിരാളികളെ ഭീതിയിലാഴ്‌ത്തുകയും ചെയ്തു. എന്നാല്‍ രണ്ടാം റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ഹോളണ്ടിനോടു തോറ്റ ഇറ്റലി ആരാധക പ്രതീക്ഷകളെ തകിടംമറിച്ചു. ഒടുവില്‍ നാലുവര്‍ഷങ്ങള്‍ക്കിപ്പുറം സ്പാനിഷ് ലോകകപ്പില്‍ സോഫും ഇറ്റലിയും എല്ലാ കണക്കുകളും തീര്‍ത്തു. ആദ്യ റൗണ്ടിലെ നിറംമങ്ങലിനുശേഷം അര്‍ജന്റീന, ബ്രസീല്‍, പോളണ്ട്, വെസ്റ്റ് ജര്‍മ്മനി എന്നീ അതികായരെ തുരത്തി സോഫും കൂട്ടരും ട്രോഫി ഇറ്റലിയിലേക്ക് കടത്തിക്കൊണ്ടുപോയി.
















