കസ്തൂരിമഞ്ഞള്‍, കൂവ, കൊടുവേലി, കച്ചൂരം മരുന്നിനുപോലും കിട്ടാനില്ലാത്ത ഔഷധച്ചെടികള്‍, പടര്‍ന്നു പന്തലിച്ചു നില്ക്കുന്നു….കാട്ടിലല്ല, വീട്ടില്‍…വല്ലൂര്‍ സ്വദേശിനി വിസ്മയ എന്ന പത്താംക്ലാസുകാരിയുടെ വീട്ടുവളപ്പിലാണ് ഔഷധച്ചെടികളുടെ വിസ്മയലോകം. പഠനത്തില്‍ അതീവ ശ്രദ്ധപുലര്ത്തേണ്ടപ്രായത്തില് ഈ കുട്ടി ഔഷധച്ചെടി നട്ടുവളര്‍ത്തുന്നത് എന്തിനാണെന്ന് സംശയിച്ചേക്കാം. വെറുമൊരു നേരംകൊല്ലലായല്ല വിസ്മയ ഔഷധച്ചെടി പരിചരണത്തെ കാണുന്നത്. തികഞ്ഞ അര്‍പ്പണത്തോടെയാണ് ഈ മിടുക്കി കൃഷിയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ഔഷധക്കൃഷി ആരംഭിക്കാന്‍ കാരണമായത് മുത്തശിയാണെന്ന് വിസ്മയ പറയുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുഖത്ത് പുരട്ടുവാന്‍ മുത്തശി നല്കിയ കസ്തൂരി മഞ്ഞള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുവളര്ത്തിക്കൊണ്ടാണ് ഔഷധക്കൃഷിക്ക് തുടക്കം കുറിച്ചത്. അന്നു മുതല്‍ ഉറക്കമുണരുന്ന ഓരോ പ്രഭാതത്തിലും വിസ്മയ ആദ്യമെത്തുന്നത് ഔഷധച്ചെടിത്തോട്ടത്തിലാണ്.
ഏഴുവര്‍ഷം പിന്നിടുമ്പോള്‍ കസ്തൂരിമഞ്ഞളിനു പുറമെ കച്ചൂരവും, കൊടുവേലിയും, കൂവയുമെല്ലാം പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്. നമ്മള് ഒരു കൃഷി ചെയ്യുമ്പോള്‍ അത് നമുക്കു മാത്രമല്ല സമൂഹത്തിനുകൂടി ഉപകാരപ്രദമാവണം എന്ന തിരിച്ചറിവാണ് ഔഷധക്കൃഷിയിലേക്ക് ഇറങ്ങുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അഭിമാനത്തോടെ വിസ്മയ പറയുന്നു.
വീട്ടുവളപ്പിലെ അഞ്ചുസെന്റ് സ്ഥലമാണ് കൃഷിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഔഷധക്കൃഷിക്കുപുറമെ പച്ചമുളക്, വെണ്ട, വഴുതന, ചേന, ചേമ്പ് തുടങ്ങിവയും നട്ടുവളര്‍ത്തുന്നുണ്ട്. മാന്ദാമംഗലം സെന്റ്സെബാസ്റ്റ്യന്‍ ഹൈസ്ക്കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയായ വിസ്മയക്ക് ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷകക്കുള്ള പുരസ്ക്കാരവും ലഭിച്ചിരുന്നു.
കാര്‍ഷിക രംഗത്തുമാത്രമല്ല ശാസ്ത്രരംഗത്തും കലാരംഗത്തും വിസ്മയ തന്റേതായ സ്ഥാനം നേടിക്കഴിഞ്ഞു. ശാസ്ത്രരംഗത്തെ മികച്ച പ്രകടനത്തിന് കഴിഞ്ഞ രണ്ട് വര്‍ഷവും കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സ്പെയര്‍ അവാര്‍ഡ് ഈ മിടുക്കി സ്വന്തമാക്കി. കാട്ടുതീ തടയുക എന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ വനമേഖലകളിലെ 140ഓളം വേദികളില്‍ തെരവുനാടകവും വിസ്മയ അവതരിപ്പിച്ചു. നാട്ടിലെ സുഹൃത്തുക്കളേയും സഹപാഠികളേയും കോര്‍ത്തിണക്കിയാണ് നാടകഗ്രൂപ്പ് രൂപീകരിച്ചത്.
നൃത്തയിനങ്ങളിലും പ്രസംഗ മത്സരങ്ങളിലുമായി നിരവധി പുരസ്ക്കാരങ്ങളും വിസ്മയ ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പരിശീലനം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നയിക്കുന്നതും ഈ പത്താംക്ലാസുകാരിയാണ്. ഇപ്പോള്‍ മാജിക്കിലും പരിശീലനം നടത്തുന്നുണ്ട്. കാര്‍ഷികമേഖലയില്‍ തന്നെ ഒരു ജോലി നേടുക എന്നതാണ് വിസ്മയ എന്ന കൊച്ചു കൃഷിക്കാരിയുടെ സ്വപ്നം. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഓരോ സസ്യങ്ങളേയും വേരോടെ അറുത്തുമാറ്റുന്ന വലിയ തലമുറക്ക് ഒരു മാതൃകയാണ് ഈ പുതുതലമുറക്കാരി. പഠനം മാത്രമമല്ല, കൃഷിയും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ കൊച്ചുമിടുക്കി…
രാജേഷ് കുറുമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: