ക്ഷേത്രത്തോട് ബന്ധപ്പെട്ട ഒരു സ്ഥാപനം വേണം. ആ സ്ഥാപനത്തില്‍ ജനങ്ങളുടെ ഇടയില്‍ മതം പ്രചരിപ്പിക്കുവാന്‍ അധ്യാപകരെ തയ്യാറാക്കണം. നമ്മുടെ ആളുകള്‍ക്ക് വേണ്ടുന്ന മതേതരമായ വിദ്യാഭ്യാസവും അവര്‍തന്നെ നല്‍കണം. രണ്ടും അവര്‍ നിര്‍വഹിക്കണം. ഇന്നുവരെ വീടുതോറും മതം കൊണ്ടുനടത്തുന്നതുപോലെ, മതേതരമായ വിദ്യാഭ്യാസവും നമുക്ക് കൊണ്ടുനടക്കാം. അത് പ്രയാസമില്ലാതെ സാധിക്കും. ഗുരുക്കന്മാരും പ്രചാരകന്മാരുമായ ഇവരുടെ സംഘങ്ങള്‍ വഴിയായി ഈ പ്രവൃത്തി പരക്കും. ഇതുപോലുള്ള ക്ഷേത്രങ്ങള്‍ മറ്റിടങ്ങളിലും ക്രമേണ നമുക്കുണ്ടാകും. അങ്ങനെ ഭാരതം മുഴുവന്‍ നമുക്ക് വ്യാപിക്കാം. അതാണെന്റെ പദ്ധതി. അത് വളരെ വമ്പിച്ചതാണെന്നു തോന്നാം; എന്നാല്‍ വളരെ വേണ്ടപ്പെട്ട ഒന്നാണ്. പണമെവിടെ എന്നു ചോദിച്ചേക്കും. പണം വേണ്ട, പണം ഒരു വസ്തുവല്ല.
എന്റെ ജീവിതത്തിലെ കഴിഞ്ഞ പന്ത്രണ്ടുകൊല്ലക്കാലം അടുത്ത നേരത്തെ ഭക്ഷണം എവിടെനിന്നു കിട്ടും എന്ന് എനിക്കറിവില്ലായിരുന്നു. പക്ഷേ, പണവും വേണ്ടുന്ന മറ്റു വസ്തുക്കളും വരികതന്നെ വേണം. കാരണം, അവയൊക്കെ എന്റെ അടിമകളാണ്; മറിച്ച്, ഞാന്‍ അവയുടെ അടിമയല്ല. വരികതന്നെ വേണം. വരികതന്നെ വേണം – അതാണ് വാക്ക്. ആണുങ്ങള്‍ എവിടെ? അതാണ് ചോദ്യം. യുവജനങ്ങളേ, നിങ്ങളിലത്രേ എന്റെ ആശ. നിങ്ങളുടെ ജനതയുടെ വിളി നിങ്ങള്‍ കേള്‍ക്കുമോ? എന്നെ വിശ്വസിക്കൂ. സന്നദ്ധതയുണ്ടെങ്കില്‍ നിങ്ങളോരോരുത്തന്റെയും ഭാവി ശോഭനമാണ്.
– സ്വാമി വിവേകാനന്ദന്‍
















