എല്ലാ ആത്മീയ ചര്‍ച്ചകളിലും ‘പിന്‍വാങ്ങലി’നെപ്പറ്റി നാം വായിക്കുകയോ പറയുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അത് കേവലം ‘സംയമന’ മായിട്ടല്ല അനുസ്യൂതമായ ശുദ്ധീകരണ പരിപാടി എന്ന നിലയ്‌ക്കാണ് നാം മനസ്സിലാക്കേണ്ടത്. മാനസിക സംയമനവും മാനസിക ശുദ്ധീകരണവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സംയമനം സാധിതമാകുന്നത് അന്ധമായ വിശ്വാസമോ അനുഭൂതിയില്ലാത്ത ഒരാവേശമോ ആധാരമാക്കിക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ഭൗതികവസ്തുക്കളില്‍നിന്ന് പിന്‍വാങ്ങുന്നതിന്റെ ഫലമായിട്ടാണ്. മനഃകൃതങ്ങളായ കൃത്രിമ മൂല്യങ്ങളെ തികച്ചും മനസ്സിലാക്കി വിവേചനപൂര്‍വം ബുദ്ധികൊണ്ടു തിരസ്കരിച്ചു കഴിഞ്ഞ ഒരവസ്ഥയാണ് ശുദ്ധീകരണമെന്നത്. നിര്‍ബന്ധപൂര്‍വമായ സംയമനം വ്യക്തിയെ അധഃപതിപ്പിക്കുന്നു. ശുദ്ധീകരണമാകട്ടെ, കൂടുതല്‍ മഹത്തായ ജീവിതത്തിന്റെ വിശാലതലങ്ങളിലേക്ക് വ്യക്തിയെ നയിക്കുകയും അവനെ കൂടുതല്‍ ശക്തനും മഹാനുമായ വ്യക്തിയായി രൂപപ്പെടുത്തുകയും ചെയ്യുന്നു.
സ്വാമി ചിന്മയാനന്ദന്‍
















