“എന്റെ വയല്‍ക്കിളി
പ്പെണ്ണിനെ കാണാനില്ല
ഒപ്പം തണല്‍ വിരിച്ച
നാട്ടിടവഴിയും
നാട്ടുമാവും…
അവളെന്റെയോര്മ-
കളുണര്‍ത്തി
നൊമ്പരത്തിന്റെ
കറുത്ത ചായവും പൂശി
അകന്നതെങ്ങോട്ട്…”
-ആത്മഛായ-
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമവിശുദ്ധിയുടെ വേരുകള്‍ തേടി ദേവികാ കൃഷ്ണകുമാര്‍ കാവ്യവഴികളിലൂടെ സഞ്ചരിക്കുന്നു. വയലും പുഴയും കുയിലിന്റെ പാട്ടും കുളിര്‍ക്കാറ്റും പൂനിലാവും ഗൃഹാതുരത്വമുണര്‍ത്തുന്ന വഴികളിലൂടെ. സങ്കല്‍പ്പത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ കയറിവരുന്ന ആകുലതകള്‍ മറികടക്കുന്ന ചിന്തകള്‍ അപ്രതീക്ഷിതമായ അര്‍ത്ഥതലങ്ങളാണ് സൃഷ്ടിക്കുന്നത്.
തിരുവല്ലയിലെ പെരിങ്ങോളി കാരക്കാട്ടില്ലത്ത് കെ.എസ്.ഈശ്വരന് നമ്പൂതിരിയുടേയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകളായ ദേവിക കുട്ടിക്കാലം മുതല്‍ തിരുവല്ല ശാന്താഭായ് ടീച്ചറുടെ കീഴില്‍ സംഗീതപഠനവും കലാമണ്ഡലം കൃഷ്ണകുമാരി ടീച്ചറുടെ കീഴില്‍ നൃത്തപഠനവും തുടങ്ങി. സ്കൂള്‍, കോളേജ് മത്സരങ്ങളില്‍ കവിതാ രചന, കഥാരചന, ലളിതഗാനം, ശാസ്ത്രീയസംഗീതം, കഥാപ്രസംഗം, നാടോടി നൃത്തം, അക്ഷരശ്ലോകം എന്നീ ഇനങ്ങളില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി.
തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളേജിലും പാലക്കാട് ചെമ്പൈ ഗവ.കോളേജിലും പഠനം മോഹന്‍ സിത്താര കോളേജ് ഓഫ് മ്യൂസിക്, തൃശ്ശൂര്‍ ഭാരതീയ വിദ്യാഭവന്, വിമലഗിരി പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ലളിതഗാനങ്ങളും നാടന്‍ പാട്ടുകളും ഭക്തിഗാനങ്ങളും എഴുതി ട്യൂണ്‍ ചെയ്ത് സ്കൂള്‍, കോളേജ് കലോത്സവങ്ങളില്‍ ശിഷ്യരെക്കൊണ്ട് പാടിച്ച് സമ്മാനങ്ങള്‍ നേടിക്കൊടുത്തു. ഇപ്പോഴും വീട്ടില്‍ കുട്ടികള്‍ക്കായി സംഗീത നൃത്തപഠന ക്ലാസുകള്‍ നടത്തുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിലും സംഘടനകളുടെ പ്രോഗ്രാമുകളിലും സംഗീതക്കച്ചേരി അവതരിപ്പിക്കുന്നുണ്ട്.
പ്രസിദ്ധീകരിച്ച കവിതകളെല്ലാം ചേര്‍ത്ത് സമാഹാരമാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. കവിയരങ്ങുകളിലും സ്ഥിരം സാന്നിധ്യമായ ദേവിക ക്രിയേറ്റീവ് ആര്‍ട്ടിലും തത്പരയാണ്. ഷോകെയ്സിലെ കാഴ്ചവസ്തുക്കള്‍ മിക്കവയും സ്വയം നിര്‍മ്മിച്ചവ. ദൂരദര്ശന് ന്യൂസ് റിപ്പോര്‍ട്ടറായ കൃഷ്ണകുമാറാണ് ഭര്‍ത്താവ്. മകന് കൃഷ്ണദേവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: