മാലോകര്ക്കാഹ്ലാദം പകരുന്ന ഓണക്കാലം. ഓണവിഭവങ്ങള്‍ ഒരുക്കി സന്തോഷത്തോടെ തൂശനിലയില്‍ വിളമ്പി നിറയ്ക്കുമ്പോള്‍ മഹാബലി തമ്പുരാനെ ഓര്മ്മിക്കാത്തവരുണ്ടോ. പ്രജാക്ഷേമ തല്പരനായ മഹാനായ ചക്രവര്‍ത്തി.
മഹാബലിക്കൊപ്പം എത്രയോ ഓര്‍മ്മകള്‍. പണ്ട് നാട്ടാരെ മുഴുവന്‍ ഓണമൂട്ടാന്‍ കൊയ്ത്തും മെതിയുമായി അമ്മമാര്‍ ഒരുങ്ങി ഇറങ്ങുന്നത് മറക്കാനാവാത്ത അനുഭവമായിരുന്നു. നാട്ടു നടപ്പിന്റെ ഭാഷയില്‍ ഒരുക്കിയെടുക്കുന്ന ഓണവിഭവങ്ങള്‍ക്കും പറഞ്ഞറിയിക്കുവാനാവാത്ത രുചിയാണ്. അതിന്റെ പിന്നിലെ അദ്ധ്വാനത്തിന്റെ വിലപറയാനാവില്ല. അമ്മയുടെ ധര്‍മ്മമായിരുന്നു അന്ന് പാചകം. പാചകത്തിന്റെ കല കൈപ്പുണ്യമെന്നും അറിയപ്പെട്ടു.
ചെങ്കതിര് പ്രഭയോടെ സൂര്യ ദേവന് ഉദിച്ചുയരുമ്പോള്‍ തേപ്പുപലകയില് മണലിട്ട് അരിവാള്‍ രാവുന്ന കര്ഷകനാരിമാര്. ചൂടന്‍ കഞ്ഞി എന്ന കാഞ്ഞ വെള്ളം കുടിച്ച് അരയില്‍ മുറുക്കാന്‍ പൊതിയും തിരുകി കൊയ്ത്ത് പാടത്തേക്കിറങ്ങുന്നവര് കൂട്ടുകാരെ വിളിക്കാന്‍ നീട്ടി കൂവും. അതിന്റെ മറുപടി പ്രതിധ്വനിയായി വരും. മഴ മരവിപ്പിച്ച കര്‍ക്കടകത്തിന്റെ ഒഴിവു വേളയില്‍ ഉദിച്ച ചിങ്ങ മാസം. പാടമായ പാടം മുഴുവന്‍ നെല്ലു വിളഞ്ഞ് കാറ്റിലാടി നില്ക്കും. നടവരമ്പിലേക്ക് കുനിഞ്ഞ കതിര്‍ക്കുല പാദങ്ങളെ മുട്ടിയുരുമ്മും.
കൊയ്ത്ത് പാടത്തേക്ക് നിര നിരയായി കര്‍ഷക സ്ത്രീകള്‍ നെല്ല് കൊയ്യാനും മെതിക്കാനും ഉണക്കാനും..എന്തിനേറെ അത് പുഴുങ്ങാനും കുത്താനും ഭക്ഷണമാക്കി അടുപ്പില്‍ നിന്നിറക്കാനും വളയിട്ട കൈകള്‍ മത്സരിക്കും. നിറഞ്ഞ പ്രതീക്ഷയോടെയാണ് കൊയ്ത്ത് തുടങ്ങുന്നത്. തല മുതിര്‍ന്ന മുത്തശ്ശിയാണ് അരിവാള്‍ വയ്ക്കാന്‍ തുടങ്ങുന്നത്. പൊരിഞ്ഞ നാട്ടു വര്‍ത്തമാനത്തിനിടയില്‍ കീത്ത് കൊടുംപിരി കൊള്ളുമ്പോള്‍ ആ പാടത്തിന് മേലെ നിറഞ്ഞു നില്‍ക്കുന്നത് പ്രതീക്ഷയാണ്. കൊയ്ത്തു കഴിഞ്ഞ് തലച്ചുമടായി കളത്തിലേക്ക് കറ്റ എത്തിക്കണം. ചാണകം മെഴുകിവൃത്തിയാക്കിയ കളത്തിലെ മെതിയും മറ്റും കഴിഞ്ഞ് പതുമ്പളന്ന് വിഹിതം വാങ്ങി പോകുമ്പോള്‍ മനം നിറയെ ഓണച്ചിന്തകള്‍. നടവരമ്പിലൂടെ നടക്കുമ്പോള്‍ വസ്ത്രങ്ങളും വിഭവങ്ങളുമടക്കമുള്ള ഒരുക്കുസാധനങ്ങളുടെ പട്ടിക. അങ്ങനെയൊക്കെയായിരുന്നു പണ്ട് ഓണം ഓണമായത്.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: