കൊട്ടാരക്കര: ലോകപരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി തലവൂര്‍ ദേവിവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍.സി.സി യൂണിറ്റും നേച്ചര്‍ ക്ലബ്ബും ചേര്‍ന്ന് നടപ്പാക്കിയ 101 കണിക്കൊന്ന പദ്ധതി ശ്രദ്ധേയമായി. സ്കൂള്‍ കോമ്പൗണ്ടിലും പരിസരത്തുമായി നൂറിലേറെ കണിക്കൊന്നകള്‍ നട്ടായിരുന്നു തുടക്കം. കണിക്കൊന്ന തൈ നട്ടുകൊണ്ട് സ്കൂള്‍ മാനേജര്‍ എസ്.സജികുമാര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മുന്‍വര്‍ഷം സ്കൂളില്‍ നടപ്പാക്കി വിജയിപ്പിച്ച നക്ഷത്ര വനം പദ്ധതിയുടെ ചുവടുപിടിച്ചാണ് നൂറ്റിയൊന്ന് കണിക്കൊന്ന പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഹരിതക്യാമ്പസാക്കി സ്കൂളും പരിസരവും സംരക്ഷിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഭൂമിക്കൊരു കുട എന്ന വിഷയത്തില്‍ നടന്ന ഉപന്യാസ മത്സരത്തിലും പോസ്റ്റര്‍ നിര്‍മ്മാണത്തിലും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് പ്രിന്‍സിപ്പാള്‍ ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി വേണുഗോപാല്‍, നേച്ചര്‍ക്ലബ്ബ് ഇന്‍ചാര്‍ജ്ജ് സുരേഷ്കുമാര്‍, എന്‍.സി.സി. ഓഫീസര്‍ ഗോപാലകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് മധുസൂദനന്‍പിള്ള, ശ്രീകുമാര്‍, രാധാകൃഷ്ണപിള്ള എന്നിവര്‍ നേതൃത്വം നല്‍കി.
















