ബംഗളൂരു: വേനല്‍ച്ചൂടിന് ആശ്വാസം പകര്‍ന്ന് നഗരത്തിലാകെ പെയ്ത ചാറ്റല്‍ മഴക്കൊന്നും തലസ്ഥാനത്തെ തെരഞ്ഞെടുപ്പു ചൂട് ശമിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫാല്‍ഗുനമാസത്തിലെ അവസാന ശുഭ ശുക്രവാരമായതുകൊണ്ട് എല്ലാ പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും,കോണ്‍ഗ്രസ് ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ്. കര്‍ണാടകത്തിലെ അനായാസ ജയംകൊണ്ട് രാഹുലിനെ പ്രധാനമന്ത്രിക്കസേരയിലേക്ക് നേരിട്ട് കയറ്റിയിരുത്താമെന്ന ആ പാര്‍ട്ടിയുടെ മോഹത്തിന് വലിയ തിരിച്ചടികളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തെത്തുമെന്നു കരുതപ്പെടുന്ന മണ്ഡലങ്ങളില്‍ പോലും അഞ്ചോ ആറോ പേര് സ്ഥാനമോഹികളായുണ്ട്.
മണ്ഡലങ്ങളിലെ തമ്മില്‍ തല്ല് ഇലക്ഷന് പ്രഖാപിച്ച ശേഷം കര്‍ണാടക പിസിസി ആസ്ഥാനത്തേക്ക് കൂടുമാറിയിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി അവിടെ കൂലിക്കെടുത്ത അനുയായികളെ കൊണ്ട് പല പ്രമുഖ സ്ഥാനമോഹികളും പ്രതിഷേധങ്ങളും ആത്മഹത്യാ നാടകങ്ങളും അരങ്ങു കൊഴുപ്പിക്കുന്നു. കഴിഞ്ഞ ദിവസം ആ പ്രതിഷേധത്തില്‍ പങ്കെടുത്ത തമിഴ്നാട്ടുകാരനായ ഒരു തൊഴിലാളി ഹൃദയാഘാതം വന്നു മരിച്ചിരുന്നു. മരിച്ചയാളുടെ കുടുംബത്തിനു ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പ്രശ്നത്തില്‍ നിന്നും തലയൂരിയിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരുടെ മക്കള്‍ക്ക് വിജയ സാധ്യതയുള്ള സീറ്റുകള്‍ തെരഞ്ഞുപിടിച്ച് നല്കിയിരിക്കുന്നതും പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പരമേശ്വര്‍,പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും അനുയായികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്കിയതും പ്രബല ജാതികളായ ലിംഗായത്, വൊക്കലിഗ വിഭാഗങ്ങളെ തഴഞ്ഞതും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.
പാര്‍ട്ടിയിലും പോഷക സംഘടനകളിലും നിരവധികാലം പ്രവര്‍ത്തിച്ചവരെയും പാര്‍ട്ടിക്കുവേണ്ടി ത്യാഗങ്ങള്‍ സഹിച്ചവരെയും തഴഞ്ഞ് ചില റിയല്‍ എസ്റ്റേറ്റ് ലോബികളുടെ നോമിനികള്‍ക്ക് സീറ്റു നല്‍കിയതിലും പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാണ്. മറ്റു പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്കും നിര്‍ണ്ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്തവര്‍ക്കും കോണ്‍ഗ്രസ് സീറ്റു നല്‍കിയതില്‍ പ്രചാരണ സമിതി അധ്യക്ഷന്‍ ശ്രീസുദര്ശന് കടുത്ത അമര്‍ഷം രേഖപ്പെടുത്തി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തു. കൂനിന്മേല് കുരു എന്നപോലെ അവശ്യ സന്ദര്‍ഭത്തില്‍ പാര്‍ട്ടിയെ നയിക്കേണ്ട എഐസിസി അധ്യക്ഷയാകട്ടെ അമേരിക്കന്‍ യാത്രയിലുമാണ്. ഏപ്രില്‍ ഏഴിന് ശേഷം അവര്‍ തിരിച്ചെത്തിയിട്ടേ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് സാധ്യതയുള്ളൂഎന്ന് കരുതപ്പെട്ടിരുന്നെങ്കിലും 177 സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക എഐസിസി ആസ്ഥാനത്തു പ്രഖ്യാപിച്ചു. എന്നാല്‍ പ്രതിഷേധ-ആത്മഹത്യാ നാടകങ്ങള്‍ തുടരുമെന്ന് തന്നെയാണ് നിരീക്ഷകര്‍ കരുതുന്നത്.
മതേതര ദള്‍ 122 പേരുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാനാധ്യക്ഷന്‍ കുമാരസ്വാമിയും ഭാര്യയും പട്ടികയിലുണ്ട്. പലയിടത്തും വേണ്ടത്ര സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക് വിമത ശല്യവും ഇല്ല. എന്നാല്‍ ചിക്കബലാപ്പുര മണ്ഡലത്തില്‍ മുന്‍മന്ത്രി ചെന്നിഗപ്പക്ക് പകരം സീറ്റ് നല്കാന് തന്നോട് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നു അവിടെ സ്ഥാനാര്‍ഥി ആകാന്‍ ആഗ്രഹിച്ച മുനി ഗൗഡ ആരോപിച്ചിരിക്കുന്നു എച്ച്ഡികെ (എച്ച് ഡി കുമാരസ്വാമി) എന്നാല്‍ ഹെവി ഡീല്‍ കിംഗ് എന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഏറെ ചര്‍ച്ചകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷം ബിജെപിയുടെ 140 പേരടങ്ങുന്ന ആദ്യ പട്ടികക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മറ്റിഅംഗീകാരം നല്കി. കളങ്കിതരും ക്രിമിനലുകളുമായ എല്ലാവരെയും ആദ്യപട്ടികയില്‍ ഒഴിവാക്കി ഏതാണ്ടെല്ലാ സിറ്റിംഗ് എംഎല്‍എമാര്‍ക്കും പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
അതില്‍ തന്നെ രാഹുലിനെ പ്രതിരോധത്തിലാക്കി 124 പേരും നാല്‍പ്പതുകളിലുള്ള യുവാക്കളും രണ്ടു പേര് ദളിതരും എട്ടു പേര് പട്ടികജാതിക്കാരും 18 പേര് മറ്റു പിന്നാക്ക വിഭാഗത്തില്‍ നിന്നുമുള്ളവരുമാണ്.
മാത്രമല്ല എല്ലാവരും തന്നെ അകളങ്കിതരും ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമാണ്.മുന്‍ മുഖ്യമന്ത്രിയും കെജെപി അധ്യക്ഷനുമായ യെദ്യൂരപ്പയുടെ കടുത്ത അനുയായികള്‍ പോലും പാര്‍ട്ടിയില്‍ തുടരാന്‍ തീരുമാനിച്ചതും പാര്‍ട്ടി വിട്ട പലരും ജനാഭിപ്രായം മാനിച്ചു മടങ്ങി വരുന്നതും പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
നാളെ നടക്കുന്ന ബൃഹദ് വിജയ സങ്കല്പ്പ സമ്മേളനത്തോടെ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണമായും സജ്ജമാകുമെന്ന് ദല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റു പുറത്തിറക്കിക്കൊണ്ട് ബിജെപി ജനറല്‍സെക്രട്ടറി അനന്ത കുമാര്‍ പറഞ്ഞു.
സമ്മേളനത്തില്‍ എല്‍. കെ. അദ്വാനി, സുഷമാ സ്വരാജ്, ദേശീയഅധ്യക്ഷന്‍ രാജ് നാഥ് സിംഗ് എന്നിവര്‍ പങ്കെടുക്കും.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: