ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ ഇനിയെത്രകാലമെന്ന ചോദ്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, മൂന്നാം വട്ടവും കിട്ടിയാല്‍ പ്രധാനമന്ത്രിസ്ഥാനം പുളിക്കില്ലെന്ന നിലപാടുകാരനായ ഡോ. മന്‍മോഹന്‍സിംഗ് ദൂരവ്യാപകമായ നയതന്ത്ര പ്രവര്‍ത്തനങ്ങളിലാണ്. ഇന്‍ഡ്യയുടെ അയല്‍ക്കാരായ ശത്രുക്കളില്‍ പ്രമുഖന് ചൈനയെ നേരിടാന്‍ ജപ്പാനെയും ജര്‍മ്മനിയേയും കൂട്ടുപിടിക്കുകയാണ് ഇന്‍ഡ്യയുടെ പുതിയ നയതന്ത്ര പരീക്ഷണം.
ജര്‍മ്മനിക്കും ജപ്പാനും പോരാട്ടത്തിന്റെ പാരമ്പര്യമുണ്ടെങ്കിലും ചൈനയെ നേരിടാന്‍ ആയുധക്കളിക്കൊന്നുമല്ല മന്മോഹന് പരിശ്രമം. മറിച്ച് വ്യാപാര-വാണിജ്യ മേഖലയില്‍ ചൈനയുടെ അധീശത്വം നേരിടാന്‍ ഈ രാജ്യങ്ങളെ ഒപ്പം നിര്ത്തുകയാണുദ്ദേശ്യം.
ഇതിന്റെ ഭാഗമായി ജര്‍മ്മനിയും ജപ്പാനുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള നയതന്ത്ര കൂടിക്കാഴ്ചകള്‍ ഇന്‍ഡ്യ ആസൂത്രണം ചെയ്തിട്ടുണ്ട്. മെയ് മാസം ഒടുവില്‍ പ്രധാനമന്ത്രി മന്മോഹന് ജപ്പാന് സന്ദര്‍ശിക്കാനിടയുണ്ട്. ചിലപ്പോഴത് ജൂണിലേക്കു നീളാനും സാധ്യതകാണുന്നു.
ഈ സന്ദര്‍ശനത്തിനു ശേഷം മന്മോഹന് ചൈനയും സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഈ തന്ത്രം മറ്റു പല രാജ്യങ്ങളും പരീക്ഷിച്ചു വിജയിച്ചതുപോലെ ഇന്‍ഡ്യക്കു ഗുണകരമാകുമോ എന്നു കണ്ടറിയണം. കാരണം, ചൈനയും അമേരിക്കയും ഇന്‍ഡ്യ സന്ദര്‍ശിക്കുമ്പോള്‍ ന്യൂദല്ഹിയില്നിന്നു പറന്നിറങ്ങുന്നത് കറാച്ചിയിലായിരിക്കും. മത്സര രാജ്യങ്ങളായ ഇന്‍ഡ്യയേയും പാകിസ്ഥാനേയും ഒരേ പോലെ കാണുന്ന ആ പ്രത്യേക തന്ത്രം പക്ഷേ ഇന്‍ഡ്യന്‍ നയമെന്ന നിലയില്‍ വിജയിക്കുക എളുപ്പമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാല്‍ ഇന്‍ഡ്യ ചൈനയെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുമ്പോള്തന്നെ ഇന്‍ഡ്യന്‍ മണ്ണില്‍ ചൈനക്കു സ്വാധീനമുള്ള രാജ്യങ്ങളും ഇന്‍ഡ്യയും ഉള്‍പ്പെടുന്ന ഇബ്സാ ഉച്ചകോടി നടക്കാന്‍ പോകുകയാണ്. ഇന്‍ഡ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ സംയുക്തവേദിയാണ് ഇബ്സാ. ഈ വര്‍ഷം ഇന്‍ഡ്യയിലാണ് ഉച്ചകോടി. ചൈനയുടെ അദൃശ്യമായ സാന്നിദ്ധ്യം ഈ ഉച്ചകോടിയിലുടനീളം ഉണ്ടാകും എന്നതാണ് രസകരം.
ഏപ്രില്‍ 10 മുതല്‍ രണ്ടു ദിവസം മന്മോഹന് ജര്‍മ്മനി സന്ദര്‍ശിക്കുകയാണ്. ഉഭയകക്ഷി ചര്‍ച്ചകള്‍ തന്നെയാണു ലക്ഷ്യം. ജര്‍മ്മനിയുടെ പ്രാധാന്യം ചെറുതല്ല. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ജര്‍മ്മനി. റഷ്യയേക്കാള്‍ ജനസംഖ്യ കൂടതലുള്ള രാജ്യവും. യൂറോപ്യന്‍ യൂണിയന്റെ ആകെ ബജറ്റില്‍ 23 ശതമാനം ജര്‍മ്മനിയുടെ സംഭാവനയാണ്. ജര്‍മ്മനി യൂറോപ്പിലെ ഇന്‍ഡ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ്. ഏതാണ്ട് 20 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ഇടപാടു നടക്കുന്നുണ്ട്.ഇന്‍ഡ്യയുടെ സാങ്കേതിക വിദ്യയിലെ രണ്ടാമത്തെ പങ്കാളിയും ജര്‍മ്മനിയാണ്.
ഇരു രാജ്യങ്ങളും തമ്മില്‍ 2001 മുതല്‍ ശക്തമായ നയതന്ത്ര പങ്കാളിത്തം നിലനിര്‍ത്തുന്നുണ്ട്. 2011 മെയ് മാസത്തില്‍ നടന്ന ഇന്റര്‍ ഗവണ്മെന്റല് കണ്സള്ട്ടേഷന് വഴി ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. ഏഷ്യയില്‍ ഇസ്രായേലും കഴിഞ്ഞാല്‍ ഇന്‍ഡ്യ മാത്രമാണ് ജര്‍മ്മനിയുമായി ഇന്റര്‍ ഗവണ്മെന്റല് കണ്‍സള്‍ട്ടേഷനുള്ള രാജ്യം.
ഇതുമാത്രമല്ല, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഭീകരതയെ നേരിടാന്‍ സംയുക്ത പ്രവര്‍ത്തന സംവിധാനമുണ്ട്. വിദേശ ഓഫീസ് കണ്സള്ട്ടേഷന്, നയതന്ത്ര സംഭാഷണ സംവിധാനം തുടങ്ങിയവയുമുണ്ട്. ഈ സാഹചര്യത്തില്‍ വേണം ഇന്‍ഡ്യയുടെ ജര്‍മ്മന്‍ ഉഭയകക്ഷി ചര്‍ച്ചകളെ കാണാന്‍.
എന്നാല്‍ ഇന്‍ഡ്യയുടെ ജപ്പാനുമായുള്ള നയതന്ത്ര ബന്ധങ്ങളെയാണ് പലരും കൂടുതല്‍ ഗൗരവത്തോടെ കാണുന്നത്. ചൈനയുമായുള്ള പ്രശ്നങ്ങള്‍ക്കിടയില്‍ സംതുലനം ലക്ഷ്യമാക്കി ഇന്‍ഡ്യ പ്രതീക്ഷയോടെ നോക്കുന്നതു ജപ്പാനെയാണ്. ചൈനയുടെ ഉയര്‍ച്ചയില്‍ ഏറെ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളാണ് ഇന്‍ഡ്യയും ജപ്പാനും. അതുകൊണ്ടുതന്നെ ഇരുവരുടെയും യോജിപ്പിനു പൊതു ലക്ഷ്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: