കൊച്ചി: ലോക അര്‍ബുദ ദിനാചരണത്തിന്റെ ഭാഗമായി വൈറ്റില വെല്‍കെയര്‍ ആശുപത്രിയും കൊച്ചി കാന്‍സര്‍ സൊസൈറ്റിയും സംയുക്തമായി അര്‍ബുദരോഗ വിമുക്തരായവരുടെ കൂട്ടായ്‌മ സ്നേഹസംഗമം ഗാന്ധിനഗര്‍ ലയണ്‍സ് കമ്മ്യൂണിറ്റി ഹാളില്‍ നടത്തി.
രോഗവിമുക്ത ദമ്പതിമാരായ ചലച്ചിത്ര സീരിയല്‍ നടനും ഉടനെ റിലീസാകുന്ന നൂറ്റി ഒന്ന് ചോദ്യങ്ങള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ സിദ്ധാര്‍ത്ഥ ശിവന്‍- ആന്‍ മരിയ, പ്രശാന്ത് രാജന്‍, ബിന്ദു എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അര്‍ബുദരോഗം ചികിത്സയിലൂടെ ഫലപ്രദമായി പ്രതിരോധിക്കുവാന്‍ കഴിയുമെന്ന സന്ദേശം സമൂഹത്തിന് നല്‍കുകയാണ് സ്നേഹസംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അര്‍ബുദരോഗ ചികിത്സാവിദഗ്‌ദ്ധനായ ഡോ.ഗംഗാധരന്‍ അറിയിച്ചു.
വെല്‍കെയര്‍ ഹോസ്പിറ്റല്‍ സുപ്രണ്ട് ഡോ.സച്ചിദാനന്ദ കമ്മത്ത്, ഡോ.രാഹുല്‍ ആര്‍.നായര്‍, സംബോധ ഫൗണ്ടേഷനിലെ സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി, മുഹമ്മദ് കുട്ടി ഫൈസല്‍ ആനമങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം പേര്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവെച്ചു. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
















