ന്യൂദല്‍ഹി: രാജ്യത്ത് ആഭ്യന്തര കാര്‍ വില്‍പന ഇടിഞ്ഞു. സപ്തംബര്‍ വില്‍പന 5.4 ശതമാനം ഇടിഞ്ഞ് 1,57,536 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,66,464 യൂണിറ്റായിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബെയില്‍ മാനുഫാക്ച്ച്വേഴ്സ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സപ്തംബറില്‍ മോട്ടോര്‍ സൈക്കിള്‍ വില്‍പനയില്‍ 18.85 ശതമാനം ഇടിവുണ്ടായി. 7,53,693 യൂണിറ്റ് വില്‍പനയാണ് ഈ മാസം നടന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 9,28,716 യൂണിറ്റ് വില്‍പനയാണ് നടന്നത്. 70,683 യൂണിറ്റായിരുന്നു സപ്തംബറില്‍ ട്രക്ക്-ബസ് വില്‍പന.
സപ്തംബറില്‍ മൊത്തം ഇരുചക്ര വാഹന വില്‍പന 12.92 ശതമാനം ഇടിഞ്ഞ് 10,69,069 യൂണിറ്റിലെത്തി. 2011 ല്‍ ഇത് 12,27,662 യൂണിറ്റായിരുന്നു. അതേ സമയം വാണിജ്യവാഹന വില്‍പനയില്‍ വര്‍ധനവ് ഉണ്ടായി. 70,658 യൂണിറ്റില്‍ നിന്ന് 70,683 യൂണിറ്റായാണ് വില്‍പന ഉയര്‍ന്നത്. വിവിധ വിഭാഗങ്ങളിലായി മൊത്തം വാഹന വില്‍പനയില്‍ 9.43 ശതമാനം ഇടിവാണ് ഉണ്ടായത്. 14,18,134 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. 2011 സപ്തംബറില്‍ ഇത് 15,65,757 യൂണിറ്റ് വില്‍പനയാണ് നടന്നത്.
















