മുംബൈ: ബിപിടിപി, ഇന്ത്യ ബുള്‍സ് എന്നീ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കെതിരെ അഴിമതി വിരുദ്ധ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാള് രംഗത്ത്. ഇതേ തുടര്‍ന്ന് ഇരു കമ്പനികളുടേയും ഓഹരി ഇടിഞ്ഞു. ഈ കമ്പനികളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള ഓഹരി പങ്കാളിത്തത്തെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് ഈ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോപണത്തെ തുടര്‍ന്ന് ഇന്ത്യ ബുള്‍സ് റിയല്‍ എസ്റ്റേറ്റിന്റെ ഓഹരി വില 7.43 ശതമാനവും ഇന്ത്യ ബുള്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില 5.81 ശതമാനവും ഇന്ത്യാ ബുള്‍സ് പവറിന്റെ ഓഹരി വില 3.90 ശതമാനവും ഇന്ത്യാ ബുള്‍സ് സെക്യൂരിറ്റീസിന്റെ ഓഹരി വില 5.39 ശതമാനവും ഇടിഞ്ഞു.
അതേസമയം ഡിഎല്എഫിനെതിരായുള്ള ആക്രമണം കേജ്രിവാള് കൂടുതല്‍ ശക്തമാക്കി. റോബര്‍ട്ട് വദ്രയും ഡിഎല്‍എഫും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ രേഖകളും അദ്ദേഹം പുറത്തുവിട്ടു. ഡിഎല്എഫിനെതിരായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിഎല്‍എഫിന്റെ ഓഹരികളിലും ഇടിവുണ്ടായി. കഴിഞ്ഞ മൂന്ന് സെഷനുകളിലായി 9 ശതമാനത്തോളം ഇടിഞ്ഞ ഡിഎല്‍എഫിന്റെ ഓഹരികള്‍ 2.81 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം തുടര്‍ന്നത്. കമ്പനിയുടെ വിപണി മൂല്യത്തില്‍ ഏഴ് ശതമാനത്തിലധികം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
















