എരുമേലി: കെഎസ്ആര്‍ടിസി വെഹിക്കിള്‍ സൂപ്പര്വൈസറെക്കൊണ്ട് അധിക ജോലി ചെയ്യിക്കുന്നതിനായും ഉന്നതോദ്യോഗസ്ഥര്‍ ജീവനക്കാരനെ പലതരത്തില്‍ പീഡിപ്പിക്കുന്നതായും പരാതി. എരുമേലി മുട്ടപ്പള്ളി സ്വദേശിയും, എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയിലെ സീനിയര്‍ വെഹിക്കിള്‍ സൂപ്പര്‍വൈസറുമായ കാഞ്ഞിരത്തുംമൂട്ടില്‍ എ.ജി.രാജുവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വെഹിക്കിള്‍ സൂപ്പര്‍വൈസറായ രാജുവിനെക്കൊണ്ട് ഡിപ്പോയിലെ ഷണ്ടിംഗ് ജോലികൂടി ചെയ്യിക്കാനാണ് ഉന്നതോദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും രാജു പറഞ്ഞു. വെഹിക്കിള്‍ സൂപ്പര്‍വൈസിംഗ് ജോലിയും ഷണ്ടിംഗ് ജോലിയും രണ്ടായിട്ടാണ് ചെയ്യേണ്ടത്. വി.എസ് ഡ്യൂട്ടിയിലുള്ള ആള്‍ക്ക് കെഎസ്ആര്‍ടിസി അംഗീകരിച്ചിട്ടുള്ള ജോലി കോര്‍പ്പറേഷണ്റ്റെ മാന്വല്പുസ്തകത്തില് പ്രത്യേകം ചേര്‍ത്തിട്ടുമുണ്ട്. ഡിപ്പോയിലെ ബസ്സുകള്‍ മെക്കാനിക്കല്‍ വിഭാഗത്തിണ്റ്റെ നിര്‍ദ്ദേശാനുസരണം മാറ്റിക്കൊടുക്കുകയും ബസ്സുകള്‍ ഒതുക്കിഇടുകയുമാണ് ഷണ്ടിംഗ് ജോലി. എന്നാല്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കിവരുന്ന ബസുകളുടെ വിവരങ്ങള്‍ യഥാസമയം രേഖപ്പെടുത്തി മെക്കാനിക്കല്‍ വിഭാഗത്തിന് ഏതെങ്കിലും സ്പെയര്‍പാര്‍ട്സുകള്‍ കൊണ്ടുകൊടുക്കുന്നതിനും സഹായിക്കാമെന്ന ജോലിയാണ് വെഹിക്കിള്‍ സൂപ്പര്വൈസര്ക്കുള്ളത്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ വി.എസ് ജോലിയിലുള്ള ജീവനക്കാരനെകൊണ്ട് ഷണ്ടിംഗ് ജോലികൂടി ചെയ്യിക്കാനാണ് ഉന്നതോദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് പൊന്‍കുന്നം എടിഒ ഓഫീസില്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നല്‍കിയെങ്കിലും വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്നും രാജു പറഞ്ഞു. പൊന്‍കുന്നം എടിഒ ഓഫീസിലടക്കം വിഎസ് ജോലിക്കും ഷണ്ടിംഗ് ജോലിക്കും രണ്ടു ജീവനക്കാരാണുള്ളത്. ഇതുപോലും കണക്കിലെടുക്കാതെയാണ് എരുമേലി ഡിപ്പോയിലെ പട്ടികജാതി പിന്നോക്കവിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ ഭീഷണിപ്പെടുത്തി അധികജോലി ചെയ്യിക്കുന്നത്. സീനിയര്‍ ഡ്രൈവറായ രാജു പ്രമോഷനില്‍ കൂടിയാണ് വെഹിക്കിള്‍ സൂപ്പര്‍വൈസറായത്. എന്നാല്‍ ജോലിസ്ഥാനക്കയറ്റം ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തന്നെക്കൊണ്ട് ഷണ്ടിംഗ് ജോലി ചെയ്യാന്‍ എടിഒ ഓഫീസില്‍ നിന്നും നിര്‍ബന്ധിക്കുകയാണെന്നും രാജു പറഞ്ഞു. ഡിപ്പോകളില്‍ ഷണ്ടിംഗ് ജോലി ചെയ്യാന്‍ സീനിയര്‍ ഡ്രൈവര്‍മാരെ ചുമതലപ്പെടുത്താനുള്ള അധികാരമുള്ള വെഹിക്കിള്‍ സൂപ്പര്വൈസറെക്കൊണ്ട് തന്നെ ഷണ്ടിംഗ് ജോലി ചെയ്യിക്കുന്ന നടപടിക്കെതിരെ ജീവനക്കാരില്‍ വ്യാപക പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഉന്നതാധികാരികളുടെ നിര്‍ബന്ധത്തിന് എതിരു നിന്നതിണ്റ്റെ പേരില്‍ സ്ഥലം മാറ്റമുള്‍പ്പെടെയുള്ള നടപടി ഉണ്ടാകുമെന്ന ഭീഷണിയും രാജുവിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: